കോട്ടൂളിയിലെ ആരാധകരേ.. ശാന്തരാകുവിൻ...
text_fieldsകോഴിക്കോട്: കോട്ടൂളിക്കാരുടെ ഫുട്ബാൾ ആരാധന അനുദിനം കൂടിക്കൂടി വരുകയാണ്. അതിനാൽതന്നെ ഇവിടത്തെ ആരാധകർ ഒട്ടും 'ശാന്തരല്ല'. അർജന്റീന ആരാധകരുടെ റോഡ് ഷോക്ക് പിന്നാലെ ബുധനാഴ്ച ബ്രസീൽ ആരാധകരും റോഡ് ഷോ നടത്തി. കൈക്കുഞ്ഞുങ്ങളെയുമായി വരെ ബ്രസീൽ ജഴ്സിയണിഞ്ഞ് ആളുകളെത്തിയത് കാഴ്ചക്കാർക്കും ആവേശമായി.
വൈകീട്ട് കരിമ്പയിൽതാഴം മുതൽ കോട്ടൂളി ജങ്ഷൻ വരെയായിരുന്നു റോഡ് ഷോ. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത റോഡ് ഷോക്ക് ശിങ്കാരിമേളക്കാർ കൊഴുപ്പുകൂട്ടി. ബ്രസീലിന്റെ കൊടിവീശിയും മഞ്ഞയും പച്ചയും പുകപറത്തിയും ആരാധകർ നൃത്തംവെച്ചു. ലോകകപ്പ് ബ്രസീലിന് ലഭിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇവരുടെ ആർപ്പുവിളി.
മെഡിക്കൽ കോളജ് റൂട്ടിൽനിന്ന് കോട്ടൂളി ജങ്ഷനിലേക്കുള്ള റോഡിൽ ഇരുവശത്തും ബ്രസീൽ, അർജന്റീന ഫാൻസുകാരുടെ കൊടിതോരണങ്ങൾ നിറയെ തൂക്കിയിട്ടുണ്ട്. മാത്രമല്ല മത്സരബുദ്ധിയോടെ ഇരു ടീമുകളുടെയും വലിയ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ടീം അംഗങ്ങളുടെ വ്യക്തിഗത ബോർഡുകളും റോഡിൽ അലങ്കരിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളുടെ പരസ്യം സ്വീകരിച്ചുകൊണ്ടാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കട്ടൗട്ടുകളും നിരവധിയാണ്. ഒരും ടീം ഒരു കട്ടൗണ്ട് വെച്ചാൽ അതിനേക്കാൾ വലുത് മറു ടീം സ്ഥാപിക്കും. ലോകകപ്പിലെ പല ടീമുകൾക്കും ആരാധകരുണ്ടെങ്കിലും അർജന്റീന, ബ്രസീൽ ടീമുകളെ പിന്തുണക്കുന്നവരാണേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.