കൊയിലാണ്ടി നഗരസഭ ബജറ്റ്; കുടിവെള്ള പദ്ധതിക്ക് 143 കോടി
text_fieldsകൊയിലാണ്ടി: നഗരത്തിൽ 143 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കിഫ്ബി, അമൃത് പദ്ധതി എന്നിവയിലൂടെയാണ് പദ്ധതി നടപ്പാക്കുക.
നഴ്സിങ് വിദ്യാർഥികളെയും ലാബ് ടെക്നീഷ്യന്മാരെയും ഉൾപ്പെടുത്തി ആരോഗ്യ കേന്ദ്രങ്ങളിൽ സേവനം ഉറപ്പുവരുത്തുന്ന മാലാഖക്കൂട്ടം നടപ്പാക്കും. നടേരി വലിയമലയിൽ ആധുനിക ശ്മശാനം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ സഹായത്തോടെ രണ്ടു കോടിയുടെ പദ്ധതി നടപ്പാക്കും.
നഗരഹൃദയത്തിൽ നിർമാണം നടക്കുന്ന 21.18 കോടിയുടെ ഷോപ്പിങ് കോംപ്ലക്സിന്റെ ആദ്യഘട്ടം പൂർത്തിയാക്കും. നടേരി വലിയമലയിൽ വെറ്ററിനറി സർവകലാശാലയുടെ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിന് 11 കോടിയുടെയും വായനാരി തോട്, കൂമൻതോട്, അരീക്കൽ തോട്, പള്ളിപ്പറമ്പ് തോട്, വണ്ണാംതോട്, കോളോത്തുതോട് എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിന് രണ്ടു കോടിയുടെയും പദ്ധതി നടപ്പാക്കും. താലൂക്ക് ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരുകോടി നീക്കിവെച്ചു.
ആധുനിക അറവുശാലയും സ്ഥാപിക്കും. നടേരി മരുതൂരിൽ കല -സാംസ്കാരിക പഠന പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 25 ലക്ഷവും കൊയിലാണ്ടി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ മോഡൽ സയൻസ് ലാബ് സ്ഥാപിക്കുന്നതിന് 25 ലക്ഷവും നീക്കിവെച്ചു. കൊയിലാണ്ടി ഗവ. മാപ്പിള ഹയർസെക്കൻഡറി സ്കൂൾ ഓപൺ ഓഡിറ്റോറിയം നിർമിക്കുന്നതിന്ന് 25 ലക്ഷം നീക്കിവെച്ചു. നടേരി വലിയ മലയിൽ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 25 ലക്ഷവും പന്തലായനി ഹയർ സെക്കൻഡറി സ്കൂളിൽ ഓപൺ ഓഡിറ്റോറിയം നിർമിക്കുന്നതിന് 25 ലക്ഷവും നീക്കിവെച്ചു. സ്കൂളുകളുടെ ടോയ്ലറ്റ് നിർമാണത്തിനും നവീകരണത്തിനുമായി 25 ലക്ഷവും മുഴുവൻ സ്കൂളുകളിലും ശുദ്ധജലം ഒരുക്കുന്നതിന് 10 ലക്ഷവും നീക്കിവെച്ചു.
നിർഭയ സ്കൂൾ വിദ്യാർഥിനികൾക്ക് കായിക പ്രതിരോധ പരിശീലനത്തിന് 10 ലക്ഷം നീക്കിവെച്ചു. സ്ത്രീകളുടെ തൊഴിൽ -വരുമാനം വർധിപ്പിക്കുന്നതിന് തൊഴിൽ സംരംഭങ്ങൾ -ലേബർ ബാങ്ക് - പ്രത്യേക വിപണന കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിന് 50 ലക്ഷം, കൊല്ലം ജി.എം.എൽ.പിക്ക് കെട്ടിടം നവീകരിക്കുന്നതിനായി 25 ലക്ഷം, കൊയിലാണ്ടി ഫിഷറീസ് യു.പി സ്കൂൾ നവീകരണത്തിന് 10 ലക്ഷം എന്നിങ്ങനെ വകയിരുത്തി. മരുതൂർ ഗവ. എൽ.പി സ്കൂൾ നവീകരണത്തിന് 10 ലക്ഷം നീക്കിവെച്ചു.
മുഴുവൻ അംഗൻവാടികളിലും ശിശുസൗഹൃദ ടോയ്ലറ്റുകൾ നിർമിക്കുന്നതിന് 30 ലക്ഷം വകയിരുത്തി. പ്രവാസികൾക്ക് തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് 20 ലക്ഷവും മണക്കുളങ്ങര സ്റ്റേഡിയം നവീകരിക്കുന്നതിനും സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് നടപ്പാത ഒരുക്കുന്നതിനും 10 ലക്ഷം വകയിരുത്തി.
മാലാഖക്കൂട്ടം പദ്ധതിക്ക് അഞ്ചു ലക്ഷവും വയോക്ലബുകൾ രൂപം നൽകുന്നതിന് 10 ലക്ഷവും വകയിരുത്തി. വരകുന്ന് എസ്.സി ശ്മശാനം നവീകരിക്കുന്നതിന് അഞ്ചു ലക്ഷം, മണമലിൽ ഷീ ഹോസ്റ്റൽ സ്ഥാപിക്കുന്നതിന് ഒരു കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്. താലൂക്കാശുപത്രിയിലും ആരോഗ്യ സബ്സെന്ററുകളിലും ഓർമ ക്ലിനിക്കുകൾ ഒരുക്കുന്നതിനും അഞ്ചു ലക്ഷവും മാരാമറ്റം തെരുവ് സൗന്ദര്യവത്കരിച്ച് സായാഹ്ന പാർക്ക് ഒരുക്കുന്നതിന് 10 ലക്ഷവും മരുതൂർ ആരോഗ്യ ഉപകേന്ദ്രം പൂർത്തീകരിക്കുന്നതിന് 10 ലക്ഷവും വകയിരുത്തി. നഗരഹൃദയത്തിൽ ജിം സ്ഥാപിക്കുന്നതിന് 50 ലക്ഷം വകയിരുത്തി. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിനോടനുബന്ധിച്ച് ടർഫ് സ്ഥാപിക്കുന്നതിന് 25 ലക്ഷം അനുവദിച്ചു. നഗരത്തിൽ സമഗ്ര അഴുക്കുചാൽ സംവിധാനം ഒരുക്കുന്നതിന് രണ്ടു കോടിയുടെ പദ്ധതി നടപ്പാക്കും. 135,89,88,013 രൂപ വരവും 129,99, 39,500 ചെലവും വരുന്നതാണ് വൈസ് ചെയർമാൻ കെ. സത്യൻ അവതരിപ്പിച്ച ബജറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.