പ്രവൃത്തി ഇഴയുന്നു; ഗതാഗത കുരുക്കിലമര്ന്ന് സംസ്ഥാന പാത
text_fieldsഎകരൂൽ: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ പൊതുമരാമത്ത് റോഡിെൻറ നവീകരണപ്രവൃത്തി ഇഴയുന്നതായി പരാതി. മാസങ്ങൾക്കുമുമ്പാണ് തിരക്കേറിയ റോഡ് നവീകരണം ആരംഭിച്ചത്. എന്നാൽ, നിർമാണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്.
തിരക്കേറിയ ഈ റോഡിൽ ഓവുചാലിെൻറയും കലുങ്കുകളുടെയും നിർമാണപ്രവർത്തനങ്ങളാണ് നടക്കുന്നത്. പല സ്ഥലത്തും റോഡിെൻറ പകുതി ഭാഗം വെട്ടിപ്പൊളിച്ച് പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും മറ്റു കാര്യങ്ങൾ എങ്ങുമെത്താതെ കിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ കാൽനടപോലും ദുസ്സഹമാണ്. പണി നടക്കുന്ന റോഡിെൻറ ശോച്യാവസ്ഥ കാരണം ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെടുന്നത് നിത്യസംഭവമായിരിക്കയാണ്.
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പട്ടണങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ദീർഘദൂര ബസുകൾ, ചരക്കുവാഹനങ്ങൾ തുടങ്ങിയവ കടന്നുപോകുന്ന റോഡാണിത്. കഴിഞ്ഞ ദിവസം പാത കടന്നുപോകുന്ന ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ, എസ്റ്റേറ്റ്മുക്ക് പ്രദേശങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പലയിടത്തും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.
പല ഭാഗത്തും രണ്ടും മൂന്നും കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. ശക്തമായ മഴയെ തുടർന്ന് റോഡിെൻറ നിർമാണ പ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ വെള്ളം കെട്ടിനിന്ന് കുണ്ടും കുഴിയും രൂപപ്പെട്ടത് യാത്രക്കാരെ കൂടുതല് ദുരിതത്തിലാക്കുന്നു.
കുഴികളിൽ ചളിനിറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾക്ക് അപകടക്കെണിയായി.
കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നുമുണ്ട്. കഴിഞ്ഞ ദിവസം പൂനൂരിനടുത്ത് അവേലം ഭാഗത്ത് കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചിരുന്നു. റോഡിെൻറ വശത്തിലൂടെ കടന്നുപോകുന്ന പ്രകൃതിവാതക പൈപ്പുകൾ സ്ഥാപിക്കാൻ കീറിയ ചാലുകൾ മണ്ണിട്ടുമൂടി പൂർവസ്ഥിതിയിലാക്കാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ താഴ്ന്ന് അപകടത്തിൽപെടുന്നതും ഈ റോഡിൽ നിത്യസംഭവമാണ്. റോഡിെൻറ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമിക്കുന്നതിെൻറയും ഡ്രെയ്നേജ് നിർമാണപ്രവൃത്തികളുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എത്രയും പെട്ടെന്ന് പണികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ രാഷ്ട്രീയകക്ഷികളും അധികാരികളും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.