കൊയിലാണ്ടിയിൽ ഈ വർഷം റെയിൽപാളത്തിൽ പൊലിഞ്ഞത് 20 ജീവനുകൾ
text_fieldsകൊയിലാണ്ടി: ഈ വർഷം മേഖലയിലെ റെയിൽപാളങ്ങളിൽ നഷ്ടപ്പെട്ടത് 20 ജീവനുകൾ. വിവിധ പ്രായത്തിലുള്ളവർ മരണമടഞ്ഞവരിൽപെടും. ചിലർ ജീവിതം അവസാനിപ്പിക്കാൻ റെയിൽപാളം തിരഞ്ഞെടുക്കുകയായിരുന്നു. മറ്റുള്ളവർക്കു മുന്നിലാകട്ടെ റെയിൽവേ അന്തകനായി പ്രത്യക്ഷപ്പെടുകയായിരുന്നു.
അഞ്ചാം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ ചിലരുടെ ജീവനുകൾ അപ്രതീക്ഷിതമായാണ് പൊലിഞ്ഞത്. പാളം മുറിച്ചുകടക്കാൻ ശരിയായ വഴികൾ ഇല്ലാത്തത് അപകട മരണങ്ങൾക്ക് ഇടയാക്കി. ബപ്പൻകാട് റെയിൽവേ ഗേറ്റ് പൂട്ടിയപ്പോൾ സ്ഥാപിച്ച അടിപ്പാത വർഷത്തിൽ മൂന്നോ, നാലോ മാസം മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
ബാക്കി സമയങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കും. ഇവിടെ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്കുൾപ്പെടെ പാളം മുറിച്ചുകടക്കുക മാത്രമേ മാർഗമുള്ളൂ. റെയിൽവേ സ്റ്റേഷനു വടക്കുഭാഗം സുരക്ഷിത യാത്രക്ക് യോജിച്ച അടിപ്പാതയോ, മേൽ നടപ്പാതയോ സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ടെങ്കിലും റെയിൽവേ താൽപര്യം കാണിക്കുന്നില്ല.
പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പന്തലായനി യു.പി സ്കൂൾ, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ നൂറുകണക്കിനു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പാളം മുറിച്ചുകടക്കേണ്ടി വരുന്നു. കുട്ടികൾ തിരിച്ചെത്തുംവരെ രക്ഷിതാക്കൾക്ക് ആധിയാണ്. ട്രെയിൻ തട്ടിയുള്ള മരണങ്ങളിൽ കൂടുതലും ആത്മഹത്യകളായിരുന്നു.
തിക്കോടി മുതൽ ചെങ്ങോട്ടുകാവു വരെയുള്ള 15 കിലോമീറ്റർ പരിധിയിലാണ് 20 പേർ മരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഈ മേഖലയിലാണ് ട്രെയിൻ തട്ടി മരിച്ചത്. ശനിയാഴ്ചയും ഒരു മരണം നടന്നു. റെയിൽവേ സ്റ്റേഷനു സമീപം സൈക്കിൾ ഷോപ് നടത്തിയിരുന്ന കോതമംഗലം കുന്നത്തു പറമ്പിൽ ശിവാനന്ദനാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.