കൊയിലാണ്ടിയിൽ 225 കോടിയുടെ കുടിവെള്ള പദ്ധതി
text_fieldsകൊയിലാണ്ടി: നഗരസഭയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സമ്പൂർണ നഗര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം ടെൻഡർ ചെയ്തതായി കാനത്തിൽ ജമീല എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപാട്ട് എന്നിവർ അറിയിച്ചു. രണ്ടാംഘട്ടമായ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കിഫ്ബി അനുവദിച്ച 120 കോടിയുടെ പ്രവൃത്തിയാണ് ടെൻഡർ ചെയ്തത്. ഗാർഹിക കണക്ഷൻ നൽകുന്നതിന് 22 കോടിയുടെ അമൃത് പദ്ധതിയുമുണ്ട്.
പദ്ധതിയുടെ ഒന്നാംഘട്ടം 2018ൽ 85 കോടി ചെലവഴിച്ച് പൂർത്തിയാക്കി. വാട്ടര്‍ ടാങ്കുകളിലെത്തിയ കുടിവെള്ളം നഗരസഭയിലെ വീടുകളിലേക്ക് എത്തിക്കുന്ന വിതരണ ശൃംഖലയും ചെറു സ്റ്റോര്‍ ടാങ്കുകളും ഉള്‍പ്പെടുന്നതാണ് രണ്ടാംഘട്ട പ്രോജക്ട്. 120 കോടിയുടെ കോഴിക്കോട് വാട്ടര്‍ അതോറിറ്റി വിഭാഗം സമര്‍പ്പിച്ച പ്രോജക്ടിന് മാർച്ചിൽ കിഫ്ബിയുടെ സാമ്പത്തിക അംഗീകാരം ലഭിച്ചിരുന്നു.
ഇപ്പോൾ 118.30 കോടിയുടെ സാങ്കേതിക അനുമതി വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ നൽകിയിട്ടുണ്ട്. നഗരസഭയിലെ 20000ത്തോളം വീടുകളിൽ കണക്ഷൻ നൽകുന്ന പദ്ധതിയിൽ മൂന്നു മേഖലകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുക.
ആദ്യം വലിയമലയിൽനിന്ന് 146.87 കിലോമീറ്റർ വിതരണ ശൃംഖലയാണ് സ്ഥാപിക്കുക. രണ്ടാമത്തെ മേഖലയായ കൊയിലാണ്ടി അങ്ങാടിയും തീരദേശവുമടങ്ങുന്ന പ്രദേശത്ത് 97.66 കി.മീറ്ററും മൂന്നാമത്തേതായ കോട്ടക്കുന്നിൽനിന്ന് 117.61 കി.മീ വിതരണ ശൃംഖലയും സ്ഥാപിക്കും.
അമൃത് പദ്ധതിയിൽ നഗരസഭയിലെ 15000 വീടുകളിലേക്ക് വാട്ടർ മീറ്ററുകൾ സ്ഥാപിച്ച് കണക്ഷൻ നൽകുന്ന പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിവരുന്ന 5000 കണക്ഷനുകൾ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുക. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19. 2024 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കും. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ. സത്യൻ, പൊതുമരാമത്ത് സമിതി ചെയർമാൻ ഇ.കെ. അജിത്, ക്ഷേമകാര്യ സമിതി ചെയർമാൻ കെ. ഷിജു എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.