കൊയിലാണ്ടി മണ്ഡലത്തിലെ തീരദേശ ഹൈവേക്ക് 50 കോടി
text_fieldsകൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ തീരദേശ ഹൈവേ പ്രവർത്തനത്തിന് കിഫ്ബിയിൽനിന്ന് 50 കോടിയുടെ ധനാനുമതി. നിര്‍മാണത്തിനും സ്ഥലമെടുപ്പുകൾക്കുമാണ് 50 കോടിയെന്ന് കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവുവരെ ആറു റീച്ചുകളിലായി 33 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മണ്ഡലത്തിലെ തീരദേശ ഹെവേക്കുള്ളത്.
ഇതില്‍ കോരപ്പുഴ-കൊയിലാണ്ടി ഹാര്‍ബര്‍, മുത്തായം ബീച്ച്- കോടിക്കല്‍ ബീച്ച് എന്നീ രണ്ടു റീച്ചുകളിലെ സ്ഥലമെടുപ്പു നടപടികള്‍ക്ക് 15 കോടിയുടെയും കൊളാവിപ്പാലം മുതല്‍ കോട്ടക്കല്‍ വരെയുള്ള റീച്ചിന്റെ നിര്‍മാണത്തിന് 34.33 കോടിയുടെയും ധനാനുമതിയാണ് ലഭിച്ചത്. കോടിക്കല്‍ മുതല്‍ കൊളാവിപ്പാലം വരെയുള്ള റീച്ചിനും കുഞ്ഞാലിമരക്കാര്‍ നദീപാലത്തിനും നേരത്തേ ധനാനുമതി ലഭിച്ചിരുന്നു. ഇപ്പോഴത്തെ അനുമതിയോടെ 10 കീലോമീറ്റര്‍ നീളത്തില്‍ ഹൈവേയുടെ നിര്‍മാണത്തിനും കുഞ്ഞാലിമരക്കാര്‍ നദീപാലത്തിനും കൂടി ആകെ 149 കോടി യുടെ അനുമതിയാണ് ലഭിച്ചത്. 15 കിലോമീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് 15 കോടി രൂപയുമാണ് അനുമതിയായത്.
നിര്‍മാണ അനുമതി ലഭിച്ച ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലായി. കിഫ്ബി പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേകമായി നിയമിച്ച ലാൻഡ് അക്വിസിഷന്‍ തഹസില്‍ദാറുടെ നേതൃത്വത്തിലാണ് നടപടികള്‍ മുന്നോട്ടുനീങ്ങുന്നത്. ഇതുസംബന്ധിച്ച് വിഞ്ജാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. 12 മീറ്റര്‍ വീതിയില്‍ ഇരുഭാഗങ്ങളിലായി സൈക്കിള്‍ ട്രാക്ക് സഹിതമാണ് തീരദേശ ഹൈവേയുടെ നിര്‍മാണം. പണം അനുവദിച്ചതിനാൽ പദ്ധതിയുടെ നിര്‍മാണത്തിലേക്ക് കടക്കാനാവുമെന്ന് എം.എല്‍.എ പറഞ്ഞു.
ദേശീയപാത വികസനം: കൊയിലാണ്ടി മേഖലയിൽ കൂടുതൽ അടിപ്പാതകൾ
കൊയിലാണ്ടി: ദേശീയപാത വികസന ഭാഗമായി മേഖലയിൽ കൂടുതൽ സ്ഥലത്ത് അടിപ്പാതകൾ നിർമിക്കും. പൂക്കാട്, ആനക്കുളം, മുചുകുന്ന് റോഡ്, മൂടാടി ഹിൽ ബസാർ റോഡ് എന്നിവിടങ്ങളിൽ കൂടി അടിപ്പാത നിർമിക്കാൻ ദേശീയപാത അതോറിറ്റി തയാറായിട്ടുണ്ട്. മൂരാടു മുതൽ നന്തിവരെയും ചെങ്ങോട്ടുകാവ് മുതൽ വെങ്ങളം വരെയും നിലവിലെ പാത വികസനവും നന്തി - ചെങ്ങോട്ടുകാവ് ബൈപാസുമായാണ് ദേശീയപാത വികസനം നടക്കുന്നത്.
ദേശീയപാത കടന്നുപോകുന്ന ചില ഇടങ്ങളിൽ അടിപ്പാതകൾ നേരത്തേ തന്നെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പല പ്രധാന സ്ഥലങ്ങളെയും ഒഴിവാക്കിയിരുന്നു. ഏറെ ദൂരം പിന്നിട്ട് മറുപുറം എത്തേണ്ട സാഹചര്യമുണ്ടാകും എന്നതിനാൽ പ്രദേശവാസികൾ അടിപ്പാതക്കുവേണ്ടി സമരം നടത്തിയിരുന്നു. പൊയിൽക്കാവ്, തിക്കോടി എന്നിവിടങ്ങളിലെ ആവശ്യം കൂടി പരിഗണിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.