കൊയിലാണ്ടിയിൽ സ്ത്രീകൾക്ക് ഹോസ്റ്റൽ സ്ഥാപിക്കും -എം.എൽ.എ
text_fieldsകൊയിലാണ്ടി: നഗരത്തിൽ ജോലിക്കെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഷീ ഹോസ്റ്റൽ സ്ഥാപിക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആസ്തിവികസന ഫണ്ടിൽനിന്ന് ഇതിനായി ഒരുകോടി രൂപ അനുവദിച്ചു. തിക്കോടി തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുംവിധം റിഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കും.
തകർന്ന കൊളാവിപ്പാലം റോഡ് നവീകരിക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ തീരദേശ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി അനുവദിച്ചു. നടപടി പുരോഗമിക്കുകയാണ്. കൊയിലാണ്ടി കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷന് 20.6 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി നടന്നുവരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമിക്കും.
പയ്യോളി നഗരസഭ തീരദേശ മേഖലയിലെ കുടിവെളള പദ്ധതിക്ക് ജല അതോറിറ്റി തയാറാക്കിയ 37 കോടിയുടെ പ്രോജക്ടിന് സർക്കാറിന്റെ ഭരണാനുമതി ലഭിച്ചു. പുറക്കാട് ഇൻഡോർ സ്റ്റേഡിയത്തിന് മൂന്നുകോടിയുടെ ഭരണാനുമതി ലഭിച്ചു. കൊയിലാണ്ടി നഗരസഭയിൽ കിഫ്ബിയുടെ കുടിവെള്ള പദ്ധതിയുടെ 85 കോടിയുടെ ഒന്നാംഘട്ടം പൂർത്തിയായി.
എസ്.എ.ആർ.ബി.ടി.എം ഗവ. കോളജിൽ ആധുനിക ബ്ലോക്ക് നിർമിക്കും. കോളജിൽ നവീന കോഴ്സുകൾ അനുവദിക്കുന്നതിന് ശ്രമം നടക്കുന്നതായും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.