ഹിമാലയത്തിലെ പുതുസസ്യത്തെ കണ്ടെത്തി ഗവേഷണ വിദ്യാർഥിനി
text_fieldsകൊയിലാണ്ടി: ഹിമാലയത്തിൽ പുതിയ സസ്യത്തെ അടയാളപ്പെടുത്തി കൊയിലാണ്ടി സ്വദേശിയായ ഗവേഷണ വിദ്യാർഥിനി എസ്.ബി. ഋതുപർണ. അസോസിയറ്റ് പ്രഫ. ഡോ. വിനിത ഗൗഡക്കൊപ്പം 'ഡിഡിമോ കാർപ്പസ് ജാനകിയേ' എന്ന സസ്യത്തെയാണ് കണ്ടെത്തിയത്. ഇന്ത്യയിലെ ആദ്യ സ്ത്രീ സസ്യശാസ്ത്രജ്ഞയായ ഡോ. ഇ. ജാനകി അമ്മാളിന്റെ പേരിലാണ് സസ്യത്തെ ഇവർ നാമകരണം ചെയ്തത്.
പുതിയ കണ്ടുപിടിത്തത്തെപ്പറ്റി വിശദമാക്കുന്ന പ്രബന്ധം നോർഡിക് ജേർണൽ ഓഫ് ബോട്ടണിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 16ന് സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ലോക ബോട്ടണി കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കാൻ ഋതുപർണക്ക് അവസരം ലഭിച്ചതോടെ പുതിയ കണ്ടെത്തലിനുള്ള അന്താരാഷ്ട്ര അംഗീകാരവുമായി.
ആഫ്രിക്കൻ വയലറ്റ് ഫാമിലിയിൽപെടുന്ന ഡിഡിമോക്കാർപ്പസ് എന്ന ജീനസിൽ ഉൾപ്പെടുന്ന സസ്യമാണിത്. അരുണാചൽ പ്രദേശിലെ ഇന്ത്യ, ചൈന അതിർത്തിയിലെ വെസ്റ്റ് കമെങ്ങ് ജില്ലയിലെ ഉഷ്ണമേഖല വനപ്രദേശങ്ങളിൽനിന്നാണ് സസ്യത്തെ കണ്ടെത്തിയത്.
പാറക്കൂട്ടങ്ങളുടെ ഇടയിലാണ് ഈ ചെടി പൊതുവേ കാണുന്നത്. ഇരുപതോളം സസ്യങ്ങളടങ്ങുന്ന ഒരു ചെറിയ കൂട്ടം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. നശിക്കാതിരിക്കാൻ ഈ സസ്യത്തെ ഐ.യു.സി.എൻ റെഡ് ലിസ്റ്റ് പ്രകാരമുള്ള അതീവ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഋതുപർണയും ഡോ. വിനിത ഗൗഡയും ആവശ്യപ്പെടുന്നു.
ശാസ്ത സാങ്കേതിക, എൻജിനീയറിങ്, വൈദ്യമേഖലയിലെ സ്ത്രീകളുടെ സംഭാവനകളുടെ ഓർമപ്പെടുത്തൽ കൂടിയാണ് സസ്യത്തിനുള്ള ജാനകി അമ്മയുടെ പേരെന്ന് ഋതുപർണ പറയുന്നു. തലശ്ശേരിയിൽ ജനിച്ച ജാനകി അമ്മാൾ അമേരിക്കയിലെ യൂനിവേഴ്സിറ്റിയിൽനിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു.
കൊയിലാണ്ടിയിലെ എൻ.വി. ബാലകൃഷ്ണന്റെയും കൊയിലാണ്ടി നഗരസഭ മുൻ അധ്യക്ഷ കെ. ശാന്തയുടെയും മകളാണ് ഋതുപർണ. ഭോപാലിലെ ഐസറിൽ ഗവേഷണ വിദ്യാർഥിനിയാണ്. ഡിഡിമോ കാർപ്പസ് എന്ന ചെടിയുടെ പോളിനേഷൻ ബയോളജിയാണ് പഠനവിഷയം. ഗവേഷണത്തിനിടയിലാണ് ചെടിയിൽ പുതിയ സ്പീഷിസിനെ കണ്ടെത്തിയത്. പാലാ അൽഫോൻസ കോളജിൽ നിന്ന് ബിരുദവും മാർ ഇവാനിയാസ് കോളജിൽനിന്ന് പി.ജിയും നേടിയ ശേഷമാണ് ഗവേഷണത്തിലേക്ക് തിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.