കുരുതിക്കളമായി റോഡ്: കൊയിലാണ്ടി മേഖലയിൽ പൊലിഞ്ഞത് 28 ജീവൻ
text_fieldsകൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വർഷത്തിനിടെ റോഡിൽ പൊലിഞ്ഞത് 28 പേരുടെ ജീവൻ. പരിക്കേറ്റവർ അനവധി. കുടുംബത്തിെൻറ ആശ്രയമായവരും പ്രതീക്ഷകളുമാണ് റോഡിൽ അറ്റുവീണത്. ഇരു ചക്രവാഹന യാത്രികരാണ് അപകടത്തിൽപെട്ടവരിൽ കൂടുതലും.
ചൊവ്വാഴ്ച ഇരുചക്ര യാത്രക്കാരനായ യുവാവിെൻറ ജീവനാണ് പൊലിഞ്ഞത്. അപകടങ്ങൾ പെരുകുമ്പോഴും കാരണം കണ്ടെത്തി പരിഹരിക്കുന്നതിൽ അധികൃതർ ശ്രദ്ധിക്കുന്നില്ല. അനുദിനം വാഹനങ്ങൾ പെരുകുകയാണ്. എന്നാൽ ട്രാഫിക് സംവിധാനങ്ങളും സുരക്ഷയുമൊക്കെ അനുദിനം അവതാളത്തിലാകുകയാണ്. പെട്ടെന്നുതന്നെ കണ്ടെത്താവുന്ന അപാകതകൾപോലും പരിഹരിക്കാതെ മൗനത്തിലാണ് അധികൃതർ.
എതാനും അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചാൽ എല്ലാമായി എന്ന ധാരണയാണ് ഇവർക്ക്. ദേശീയപാത ഇത്രയും മോശമായ കാലം ഉണ്ടായിട്ടില്ല. റോഡരികുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പോലും ശ്രമമില്ല. പൊന്തക്കാടുകൾ വെട്ടിമാറ്റുന്നില്ല. പ്രതലത്തിൽ നിന്ന് ഏറെ ഉയർന്നു നിൽക്കുന്ന റോഡും അപകടത്തിനു കാരണമാണ്. മഴ ശക്തമാകുേമ്പാഴേക്കും കുണ്ടും കുഴിയുമായി തീരുന്ന റോഡും മറ്റൊരു കാരണമാണ്.
നിരന്തര അപകടം: പരിഹാര നിർദേശങ്ങളുമായി പൊലീസ്
കൊയിലാണ്ടി: സ്റ്റേഷൻ പരിധിയിൽ വാഹന അപകടങ്ങൾ തുടർക്കഥയായപ്പോൾ പരിഹാര നിർദേശങ്ങളുമായി പൊലീസ് രംഗത്ത്. സ്റ്റേഷൻ ഹൗസ് ഓഫിസർ എൻ. സുനിൽകുമാറിെൻറ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ കോരപ്പുഴ മുതൽ നന്തി ഇരുപതാം മൈൽസുവരെ മഫ്ടിയിൽ പൊലീസുകാരെ വിന്യസിക്കും. അപകടകരമായി വാഹനമോടിക്കുന്നവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കും.
പൊതുജനങ്ങൾക്ക് വിഡിയോ, ഫോട്ടോ എന്നിവ സ്റ്റേഷൻ ഓഫിസറുടെ വാട്സ് ആപ്പിലേക്ക് അയക്കാം. ദേശീയ പാതയിലെ കുഴികൾ അടക്കാനും, റോഡരുരികുകളിലെ പൊന്തക്കാടുകൾ വെട്ടിമാറ്റാനും വെള്ളക്കെട്ടുകൾ ഒഴിവാക്കാനും ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ വാട്സ്ആപ് അയക്കേണ്ട നമ്പർ 9497987193. ട്രാഫിക് പൊലീസ്: 0496262623626. ദീർഘദൂര യാത്രക്കാർ റോഡരുകിൽ ഭക്ഷണം കഴിക്കുന്നത് പാർക്ക് ചെയ്യാൻ സൗകര്യമുള്ളിടത്തായിരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.