‘വനിത കൗൺസിലറെ ഭീഷണിപ്പെടുത്തിയ കരാറുകാരനെതിരെ നടപടി വേണം’
text_fieldsകൊയിലാണ്ടി: നഗരസഭ കൗൺസിലർ ദൃശ്യയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കുടിവെള്ളവിതരണ കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുടിവെള്ളവിതരണത്തിൽ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്ന് ദൃശ്യ കൗൺസിൽ യോഗത്തിൽ തെളിവുകൾ സഹിതം പറഞ്ഞിരുന്നു.
അഴിമതി നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മറ്റ് യു.ഡി.എഫ് കൗൺസിലർമാരും ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ കുടിവെള്ളവിതരണ കരാറുകാരൻ ദൃശ്യക്കെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കി.
കൗൺസിലർ നഗരസഭ ചെയർപേഴ്സനും പൊലീസിനും പരാതി നൽകി. മാർച്ച് ഒമ്പതിന് നൽകിയ പരാതിയിൽ ഇതുവരെ ഒരു നടപടിയുമെടുക്കാത്തതിൽ കൗൺസിൽ യോഗത്തിലും നഗരസഭ ബജറ്റ് അവതരണ ദിവസവും യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധിക്കെതിരെ വധഭീഷണി ഉയർത്തിയ കരാറുകാരനെതിരെ ഉടൻ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പി. രത്നവല്ലി, വി.പി. ഇബ്രാഹീം കുട്ടി, മനോജ് പയറ്റുവളപ്പിൽ, എ. അസീസ്, വത്സരാജ് കേളോത്ത്, പി.പി. ഫാസിൽ, വി.വി. ഫക്രുദ്ദീൻ, പി. ജമാൽ, രജീഷ് വെങ്ങളത്തുകണ്ടി, ദൃശ്യ, അരീക്കൽ ഷീബ, ജിഷ പുതിയേടത്ത്, ശൈലജ, കെ.എം. സുമതി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.