ഡോക്ടറെ കണ്ട് സഹോദരങ്ങൾ മടങ്ങിയത് മരണത്തിലേക്ക്
text_fieldsകൊയിലാണ്ടി: വിധിതട്ടിയെടുത്തത് മുചുകുന്ന് ചെറുവത്ത് ഇമ്പിച്ചി അലിയുടെയും റംലയുടെയും രണ്ടു മക്കളെ. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് തിരിച്ചുവരുമ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് മുഹമ്മദ് ഫാസിലും സഹോദരി ഫാസിലയും സഞ്ചരിച്ച സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ചത്.
ഭർത്താവ് ഷംനീറിെൻറ വീട്ടിലാണ് ഫാസില താമസിക്കുന്നത്. ഭർത്താവ് ദുബൈയിലാണ്. ഡോക്ടറെ കാണിക്കാൻവേണ്ടിയാണ് രണ്ടുകിലോ മീറ്റർ അകലെയുള്ള തറവാട് വീട്ടിൽ മൂന്നു വയസ്സുള്ള മകളെ മാതാവിനെ ഏൽപിച്ചശേഷം സഹോദരനുമൊത്തുപോയത്. പരിശോധന കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കൊല്ലത്തെ കടയിൽനിന്ന് മകൾക്ക് പഴവും മറ്റും വാങ്ങി സ്കൂട്ടറിൽ കയറിയ ഉടനെയാണ് അപകടം. ഇവരുടെ പിതാവ് ബഹ്റൈനിലാണ്.
ജീവിതത്തിൽ സാമ്പത്തികമായി കരകയറാൻ കഴിയാത്ത കുടുംബമാണ്. ഫോട്ടോഗ്രാഫറാണ് മുഹമ്മദ് ഫാസിൽ. പൊതുപ്രവർത്തകനും പരോപകാരിയും. ആകെയുള്ള രണ്ടു മക്കളെയും നഷ്ടപ്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ. പിതാവ് അടുത്ത ദിവസം നാട്ടിലെത്തും. മാതാവ് രാത്രിവരെ വിവരം അറിഞ്ഞിട്ടില്ല.
ദേശീയപാതയിലെ റോഡ് ടാറിങ്ങിെൻറ അശാസ്ത്രീയത നിരവധി അപകടങ്ങളാണ് വരുത്തിവെക്കുന്നത്.
ഓരോ തവണയും ടാറിങ് നടക്കുമ്പോൾ റോഡിൻെറ ഉയരം വർധിക്കുന്നു. റോഡിലേക്ക് ഇരുചക്രവാഹനങ്ങൾ കയറുമ്പോൾ നിയന്ത്രണംവിട്ട് മറിയുന്നതിന് കാരണമാകുന്നു. റോഡിലേക്കാണ് വീഴുക. ഇതിനകം ഇങ്ങനെ നിരവധി മരണങ്ങൾ നടന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ല. മഴക്കാലത്ത് അപകടങ്ങൾ വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.