നീണ്ട കാത്തിരിപ്പിന് വിരാമം; സ്കൂൾ കെട്ടിടത്തിന് സി.എച്ചിന്റെ നാമകരണം
text_fieldsകൊയിലാണ്ടി: ഒടുവിൽ ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിൽ സി.എച്ച്. മുഹമ്മദ് കോയയുടെ പേരുപതിഞ്ഞു. മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ സി.എച്ചിന്റെ പേര് സ്കൂളിൽ ഒടുവിൽ പണിത കെട്ടിടത്തിനു നൽകണമെന്ന് നിരന്തര ആവശ്യം ഉയർന്നിരുന്നു.
കൊയിലാണ്ടിയുമായി അഭേദ്യ ബന്ധം പുലർത്തിയിരുന്നു സി.എച്ച് അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസവും ഈ നാട്ടിലായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച 3.75 കോടി ഉപയോഗിച്ച് നിർമിച്ചതാണ് കെട്ടിടം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് പ്രകാരമാണ് നാമകരണം.
സ്കൂളിന്റെ സമഗ്ര വികസനത്തിന് 2015ൽ പി.ടി.എ പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ വി.പി. ഇബ്രാഹിംകുട്ടി 28.04.2015ന് നഗരസഭ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പറേഷനാണ് 3.75 കോടിയുടെ 21 ക്ലാസ് മുറികളുള്ള മൂന്നുനില കെട്ടിടത്തിന് ഭരണാനുമതി നല്‍കിയത്.
സി.എച്ചിന്റെ പേര് പുതിയ കെട്ടിടത്തിന് നല്‍കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാൻ 29-12-2015ന് ചേര്‍ന്ന സ്കൂൾ പി.ടി.എ യോഗവും 13.09.2018ന് ചേര്‍ന്ന നഗരസഭ കൗണ്‍സിലും തീരുമാനിച്ചിരുന്നു. ഈ ആവശ്യം അധികൃതരുടെ ശ്രദ്ധയിലും പെടുത്തി. 2019 ഒക്ടോബര്‍ 25ന് കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടും നാമകരണം നടന്നില്ല.
ഇക്കാര്യം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ വി.പി. ഇബ്രാഹിംകുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുകയും നിരന്തരം ശ്രമിക്കുകയും ചെയ്തു. സി.എച്ചിന്റെ 40ാമത് ചരമദിന വേളയില്‍ പേരിടൽ യാഥാർഥ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.