ആനന്ദിന്റെ മരണം: കണ്ണീരണിഞ്ഞ് നാട്
text_fieldsകൊയിലാണ്ടി: നീറിപ്പുകയുന്ന മനസ്സുമായാണ് നാട്ടുകാരും സഹപാഠികളും അധ്യാപകരുമൊക്കെ ആ വാർത്ത കേട്ടത്. അതുവരെ സ്കൂളിൽ തോളോടുതോൾ ചേർന്ന് പഠനത്തിലും കളികളിലും ഏർപ്പെട്ട് വീട്ടിലേക്കു മടങ്ങിയ ആനന്ദിന്റെ മരണവാർത്ത തികച്ചും അവിശ്വസനീയമായിരുന്നു കൂട്ടുകാർക്കും അധ്യാപകർക്കും.
ദുഃഖം തളംകെട്ടിയ മനസ്സുമായി അവരെല്ലാം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് കുതിച്ചു. ഒന്നും സംഭവിക്കല്ലേ എന്ന പ്രാർഥനയിലായിരുന്നു അവർ. പക്ഷേ, വിധി മറ്റൊന്നായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ ആ പതിനൊന്നുകാരൻ വിടവാങ്ങിയിരുന്നു. തോരാ കണ്ണീരോടെ കൂടിനിന്നവർ വിങ്ങിപ്പൊട്ടി. പിതാവ് അനൂപിനെ ആശ്വസിപ്പിക്കാനാവാതെ അവർ കുഴങ്ങി. അപകടത്തിൽപെടുംവരെ തന്റെ നിഴൽപറ്റി നടന്ന മകന്റെ വേർപാട് മാതാവ് അറിഞ്ഞിരുന്നില്ല. മകന്റെ അപകടവിവരമറിഞ്ഞ് ഏറെ അസ്വസ്ഥത അനുഭവിച്ച അവർക്ക് താലൂക്ക് ആശുപത്രിയിൽ പരിചരണം നൽകി.
സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ ആശുപത്രിയിലെത്തിയിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച വിദ്യാർഥിയായിരുന്നു ആനന്ദ്. കുറഞ്ഞ കാലമേ അവൻ ഈ സ്കൂളിൽ എത്തിയിട്ടുള്ളൂവെങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു.
സ്കൂളിൽനിന്ന് വരുന്നതിനിടെ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: അധ്യാപികയായ അമ്മയോടൊപ്പം സ്കൂൾ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. 'മാധ്യമം' സബ് എഡിറ്റർ ഒഞ്ചിയം കെ.വി. ഹൗസിൽ അനൂപ് അനന്തന്റെയും പന്തലായനി ബി.ഇ.എം യു.പി സ്കൂൾ അധ്യാപിക ധന്യയുടെയും മകൻ ആനന്ദാണ് (11) മരിച്ചത്. പന്തലായനി ബി.ഇ.എം യു. പി സ്കൂൾ വിദ്യാർഥിയാണ്.
വൈകീട്ട് നാലോടെയാണ് സംഭവം. കുട പിടിച്ച് പോകുമ്പോൾ ട്രെയിൻ വന്നപ്പോഴുണ്ടായ ശക്തമായ കാറ്റിൽ കുടുങ്ങി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആനന്ദിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: ആരോമൽ. കൊയിലാണ്ടി ഗവ. ഗേൾസ് സ്കൂളിനു സമീപമാണ് താമസം.
മേൽപാലം ആവശ്യത്തിന് ഏറെ കാലത്തെ മുറവിളി; ഗൗനിക്കാതെ റെയിൽവേ
കൊയിലാണ്ടി: റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം പന്തലായനി യു.പി സ്കൂൾ കിഴക്കു ഭാഗം പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്കൂളും ഗവ. പ്രീ പ്രൈമറി സ്കൂളും. ദിവസവും ഇരുപുറങ്ങളിലേക്കും യാത്ര ചെയ്യുന്നത് നൂറുകണക്കിനു വിദ്യാർഥികൾ. എന്നാൽ ഇവർക്ക് സുരക്ഷയോടെ മറുപുറം കടക്കാൻ വഴിയില്ല.
പാളം മുറിച്ചു കടക്കുകയെ മാർഗമുള്ളൂ. ഇതു അപകടകരമാണ്. ഈ ഭാഗത്ത് കാൽനടപ്പാലം സ്ഥാപിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. എന്നാൽ, റെയിൽവേ ഇക്കാര്യം ഗൗനിക്കുന്നില്ല. പന്തലായനി യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ആനന്ദ് സുരക്ഷിതമായ വഴി ഏർപ്പെടുത്താത്തതിന്റെ രക്തസാക്ഷിയാണ്. ഈ 11 കാരന്റെ ജീവൻ ഹോമിക്കപ്പെട്ടതിൽ റെയിൽവേക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. പന്തലായനി ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടായിരത്തിന് അടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ നല്ലൊരു ഭാഗം റെയിൽ കടന്നു വരുന്നവരാണ്.
അധികം അകലെയല്ലാതെ പഴയ ബപ്പൻകാട് റെയിൽവേ ഗേറ്റു ഭാഗത്തും അപകടം പതിയിരിക്കുന്നു. ഇവിടെ ഗേറ്റ് ഒഴിവാക്കിയതിനു ശേഷം സ്ഥാപിച്ച അടിപ്പാത ഉപയോഗശൂന്യമാണ്. കഴിഞ്ഞവർഷം വേനലിൽ മൂന്നു മാസം മാത്രമാണ് ഉപയോഗിച്ചത്. മറ്റു സമയങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. തൊട്ടടുത്താണ് കോതമംഗലം ഗവ.എൽ.പി സ്കൂൾ. പിഞ്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് റെയിൽ മുറിച്ചു വേണം കടന്നുപോകാൻ. വളവു കഴിഞ്ഞ ഉടനാണ് റെയിൽ മുറിച്ചു കടക്കുന്ന ഭാഗം. അതിനാൽ ട്രെയിൻ വരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. പ്രത്യേകിച്ചും മഴയത്ത്. ഇപ്പോൾ ട്രെയിനുകൾക്ക് ശബ്ദവും കുറവാണ്. പെട്ടെന്ന് സാന്നിധ്യം അറിയാൻ കഴിയില്ല. വെള്ളിയാഴ്ച അപകടം നടന്ന ഭാഗത്ത് മേൽ നടപ്പാലം സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമീഷനോട് രക്ഷിതാക്കളും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. ജൂൺ 18ന് ഗവ. പ്രീ - പ്രൈമറി സ്കൂൾ സന്ദർശിച്ചപ്പോഴായിരുന്നു ആവശ്യം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.