കൊയിലാണ്ടി നഗരസഭ ഓഡിറ്റ് റിപ്പോർട്ട്; ഉപകരണങ്ങൾ ലഭിക്കാതെ പണം നഷ്ടപ്പെടുത്തി
text_fieldsകൊയിലാണ്ടി: ലഭിക്കാത്ത ഉപകരണത്തിന് പണം നൽകി നഗരസഭ ഫണ്ടിൽ നഷ്ടം വരുത്തിയതായി ഓഡിറ്റ് റിപ്പോർട്ട്. ആയുർവേദ ആശുപത്രിക്ക് ആവശ്യമായ ഫർണിച്ചർ വാങ്ങുന്നതിന് നടപ്പാക്കിയ പദ്ധതി പ്രകാരം ആർട്കോ ലിമിറ്റഡിൽനിന്ന് ടെൻഡർ കൂടാതെ വിവിധ ഉപകരണങ്ങൾ വാങ്ങിയിരുന്നു.
ആശുപത്രിയുടെ സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചപ്പോൾ ഇൻവോയ്സ് പ്രകാരം വാങ്ങിയ 200 ഫൈബർ കസേരകളിൽ 100 എണ്ണവും അലൂമിനിയം ലാഡറും ആശുപത്രിക്ക് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതിന് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
സാധനങ്ങൾ ലഭിക്കാതെ പണം ചെലവഴിച്ച് നഷ്ടം വരുത്തിയ 76,936 രൂപ ഉത്തരവാദിയായ സെക്രട്ടറിയിൽനിന്ന് ഈടാക്കി കൺസോളിഡേറ്റഡ് ഫണ്ടിൽ അടക്കാൻ ആവശ്യപ്പെട്ടു. സ്റ്റോക്കിലെടുത്ത 100 കസേരകളിൽ മൂന്നെണ്ണം കാണാതായി. പട്ടികജാതി വിദ്യാർഥികൾക്കുള്ള ഉപകരണങ്ങൾ പൂർണമായും വിതരണം ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
നഗരസഭ പരിധികളിലെ സ്കൂളുകളിൽ പഠിക്കുന്ന 75 വിദ്യാർഥികൾക്കായി കോഴിക്കോട് ആർട്കോയിൽനിന്ന് സ്റ്റീൽ മേശയും കസേരയും വാങ്ങിയിരുന്നു. വിതരണ രജിസ്റ്റർ പരിശോധിച്ചതിൽ 49 വിദ്യാർഥികൾക്കു മാത്രമാണ് ഇവ നൽകിയത്. വിതരണം ചെയ്യാത്തവ ടൗൺ ഹാളിൽ കൂട്ടിയിട്ടിരിക്കയാണ്. ഈ ഇനത്തിൽ 1,29,974 രൂപ തടസ്സപ്പെട്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.