എത്ര നാൾ! ബപ്പൻകാട് അടിപ്പാത തുറന്നു
text_fieldsകൊയിലാണ്ടി: വെള്ളത്താൽ മൂടപ്പെട്ട ബപ്പൻകാട് റെയിൽവേ അടിപ്പാത വീണ്ടും ഗതാഗതയോഗ്യമാക്കി. മൂന്നു മോട്ടോറുകൾ ഉപയോഗിച്ച് ഏഴുമണിക്കൂറോളം പരിശ്രമിച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്. നഗരസഭ ഫണ്ടിൽനിന്ന് ആറായിരത്തോളം രൂപ ഇതിനായി ചെലവഴിച്ചു.
ഏഴുവർഷത്തോളമായി അടിപ്പാത നിർമിച്ചിട്ട്. നിർമാണത്തിലെ അപാകത കാരണം വേനൽകാലത്തു മാത്രമേ അടിപ്പാത ഉപയോഗിക്കാൻ കഴിയൂ. പലപ്പോഴും നഗരസഭയും രാഷ്ട്രീയ പാർട്ടികളും വെള്ളം പമ്പുചെയ്ത് ഒഴിവാക്കാറുണ്ടെങ്കിലും മഴപെയ്താൽ ഉടനെ പൂർവസ്ഥിതി പ്രാപിക്കും. മഴവിട്ടുനിന്ന സാഹചര്യത്തിലാണ് ഇപ്പോൾ വെള്ളം അടിച്ചൊഴിവാക്കിയത്.
ഒരു മഴ പെയ്താൽ വീണ്ടും വെള്ളം നിറയും. അപ്പോൾ ചെലവഴിച്ച പണം വെള്ളത്തിലാകും. ഇതൊരു സ്ഥിരം പരിപാടിയായി മാറുകയാണ്.വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ സ്ഥിരം നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തേ റെയിൽവേ ഗേറ്റ് നിലനിന്ന സ്ഥലത്താണ് അടിപ്പാത നിർമിച്ചത്.
അടിപ്പാത ഉപയോഗിക്കാൻ കഴിയാത്തപ്പോൾ മറുപുറം കടക്കാൻ റെയിൽ പാളം മുറിച്ചുകടക്കണം. അപകടകരമാണ് ഈ രീതി. നിരവധി അപകടങ്ങളും മരണങ്ങളും ഈ ഭാഗത്തു നടന്നിട്ടുണ്ട്. വളവുകഴിഞ്ഞ ഉടനെയാണ് റെയിൽപാളം മുറിച്ചുകടക്കുന്ന ഭാഗം.
കാഴ്ചമറയ്ക്കും വിധം കുന്നുമുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരന്തരം ആളുകൾ കടന്നുപോകുന്ന ഭാഗമാണിത്. വർഷത്തിൽ അധികസമയവും പാത അടച്ചിടുന്നത് ബപ്പൻകാട് ഭാഗത്തെ വ്യാപാര മേഖലയെയും സാരമായി ബാധിക്കുന്നു. നിരവധി കച്ചവട സ്ഥാപനങ്ങൾ ഈ ഭാഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.