വല മുറിയുന്നു; വഞ്ചി ഉടമകൾ പ്രതിസന്ധിയിൽ
text_fieldsകൊയിലാണ്ടി: കടലിൽ മത്സ്യബന്ധനത്തിനിടെ വല മുറിയുന്നതും മത്സ്യലഭ്യതക്കനുസരിച്ച് വില ലഭിക്കാത്തതും വഞ്ചി ഉടമകളെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു. കാപ്പാട്, മുനമ്പം ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ വല മുറിഞ്ഞ് ഉണ്ടാകുന്നത് വൻ നഷ്ടമാണ്. ഹാർബറിൽ ചളിയും മാലിന്യവും നിറയുമ്പോൾ വാരി കടലിൽ തള്ളുകയാണ് പതിവ്.
മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ വലവിരിക്കുന്ന സമയത്ത് ഇവ വലയിൽ കുടുങ്ങി വല മുറിഞ്ഞ് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാവുന്നതെന്ന് വഞ്ചി ഉടമകളായ കൃഷ്ണൻ, സിദ്ധാർഥൻ എന്നിവർ പറഞ്ഞു. 40ഓളം പേരാണ് മത്സ്യബന്ധനത്തിന് വഞ്ചിയിൽ പോവുക. ഇവർക്ക് ഭക്ഷണം, ബോട്ടിന് ഇന്ധനം തുടങ്ങിയ വകയിൽ തന്നെ വലിയ ചെലവ് പ്രതിദിനം വരുന്നതുകാരണം വലിയ പ്രയാസമുണ്ടാകുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. വല കീറിയാൽ അറ്റകുറ്റപ്പണിക്ക് വലിയ തുകയാണ് വേണ്ടിവരുന്നത്. 20 ലക്ഷം രൂപയാണ് ഒരു വലക്ക് വേണ്ടിവരുന്നത്. വല മുറിഞ്ഞാൽ അറ്റകുറ്റപ്പണിക്ക് മൂന്നുലക്ഷത്തോളം ചെലവാകുന്നു.
പൊതുവെ വലിയ നഷ്ടമാണ് തൊഴിൽ രംഗത്ത് അനുഭവപ്പെടുന്നതെന്നും മറ്റ് തൊഴിൽ മേഖലയിൽ ജോലി ചെയ്യാൻ പരിചയം ഇല്ലാത്തതുകൊണ്ടാണ് ഈ തൊഴിലിൽ തുടരുന്നതെന്നും വഞ്ചി ഉടമകൾ പറയുന്നു.
വേലിയേറ്റമുണ്ടാകമ്പോഴും മഴക്കാലത്തും വെള്ളം കരയിലേക്ക് അടിച്ചുകയറി വല കടലിലേക്ക് ഒലിച്ചുപോകുന്ന സംഭവവുമുണ്ട്. വലക്ക് നാശനഷ്ടമുണ്ടായാൽ ഒരുവിധ നഷ്ടപരിഹാരമോ ഇൻഷുറൻസ് പരിരക്ഷയോ ഇല്ലാത്തതിനാൽ നഷ്ടം വഞ്ചി ഉടമകൾ തന്നെ സ്വയം വഹിക്കണം. അതേസമയം, ബാങ്കിൽനിന്ന് വായ്പയെടുത്താണ് വഞ്ചിയും വലയും വാങ്ങുന്നതെന്നതിനാൽ അടവ് തെറ്റി റവന്യൂ നടപടിക്കും വിധേയരാവുന്ന അവസ്ഥയുണ്ടെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.