ആനപ്പാറ ക്വാറിയിൽ സംഘർഷം, സമരക്കാർക്കും പൊലീസിനും പരിക്ക്
text_fieldsകൊയിലാണ്ടി: കീഴരിയൂരിലെ ആനപ്പാറ ക്വാറിയിൽ സംഘർഷം. സമരസമിതി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വാറിക്കെതിരെ സമരസമിതി നേതൃത്വത്തിൽ 24 ദിവസമായി സമരം നടക്കുകയാണ്. ബുധനാഴ്ച തഹസിൽദാർ നടത്തിയ ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായില്ല.
വ്യാഴാഴ്ചയും സംഘർഷാവസ്ഥയുണ്ടായിരുന്നു. വെള്ളിയാഴ്ച പകൽ 11 മണിയോടെ വീണ്ടും സംഘർഷമുണ്ടായി. വ്യാഴാഴ്ച ക്വാറിയിൽ സ്ഫോടനം നടത്തിയപ്പോൾ പ്രായമായ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ക്വാറി മാനേജറുടെ പരാതി പ്രകാരം ഈ സംഭവത്തിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു.
വെള്ളിയാഴ്ച രാവിലെ ക്വാറിയിൽനിന്നു കല്ലുമായി പോകുമ്പോൾ സമരസമിതിയിലെ സ്ത്രീകളടക്കമുള്ളവർ ലോറി തടഞ്ഞതോടെ പൊലീസ് രംഗത്തെത്തി. ബലപ്രയോഗം നടന്നു. എസ്. ഐമാരായ എം.എൽ. അനൂപ്, കെ.ടി.രഘു, എ.എസ്.ഐ. ടി. ദേവദാസ് എന്നിവർക്കും, സമരസമിതിയിലെ കുനിയിൽ അജിഷ്ണക്കും പരിക്കേറ്റു. പൂവൻകണ്ടി സുരേഷ് (53) ആണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. പോലീസ് ജീപ്പ് അള്ളു വെച്ച് ടയർ പഞ്ചറാക്കിയതായി പൊലീസ് പറഞ്ഞു.
സമാധാനപരമായി സമരം ചെയ്യുകയായിരുന്നവർക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തുകയായിരുന്നെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് നേരത്തേ തഹസിൽദാർ ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, സമരസമിതി പ്രതിനിധികൾ, ക്വാറി ഉടമകൾ എന്നിവരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ക്വാറി പ്രവർത്തനം അവസാനിപ്പിക്കണമെന്നായിരുന്നു യോഗത്തിൽ സമരക്കാരുടെ ആവശ്യം. എന്നാൽ എല്ലാ വിധ ലൈസൻസുകളുമായാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് ക്വാറി ഉടമകൾ വ്യക്തമാക്കി. ക്വാറി നിർത്താനാവില്ലെന്നും അവർ പറഞ്ഞു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സമരക്കാർക്ക് അനുകൂലമായിരുന്നു. ക്വാറിയുടെ പ്രവർത്തനം ആഴ്ചയിൽ നാലു ദിവസമായി കുറക്കുക, കേടുവന്ന വീടുകൾ നന്നാക്കുക, റോഡിന്റെ തകർച്ച പരിഹരിക്കുക, ക്വാറി സ്ഫോടനം പരിമിതപ്പെടുത്തക എന്നീ നിർദേശങ്ങൾ അധികൃതർ മുന്നോട്ടുവെച്ചെങ്കിലും സമരക്കാർ അംഗീകരിച്ചില്ല. 30 വർഷമായി ഇവിടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ആഴത്തിലാണ് ഖനനമെന്നും ഇതു വീടുകളുടെ നാശത്തിനു കാരണമാകുന്നുവെന്നും സമരക്കാർ പറഞ്ഞു. സമരം ശക്തമായി തുടരുമെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.