തീരദേശ സുരക്ഷിതത്വ പദ്ധതിയായി; പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsകൊയിലാണ്ടി: തീര സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പദ്ധതിയുടെ രൂപരേഖ തയാറായതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പ്രവൃത്തി ഉടൻ ആരംഭിക്കും. കാപ്പാട് തകർന്ന തീരദേശ റോഡ് സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു. കാനത്തിൽ ജമീല എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. തീരദേശ മേഖലയെ വളരെ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്.
സംസ്ഥാനത്തെ തീരദേശത്തെ 10 ഹോട്ട് സ്പോട്ടുകളിലൊന്നാണ് കാപ്പാട്തീരം. താൽക്കാലികമായി ഒരു റോഡ് നിർമിച്ചാൽ അത് കടലെടുക്കുകയേയുള്ളൂ. അതുകൊണ്ടാണ് കേന്ദ്ര ഏജൻസിയായ നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ നേതൃത്വത്തിൽ ഈ മേഖലയിൽ ഗൗരവതരമായ പഠനം നടത്തിയത്.
ഈ സ്ഥാപനത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാറിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് വിഭാഗം ഡി.പി.ആർ തയാറാക്കുകയും അംഗീകാരത്തിനായി സർക്കാറിലേക്ക് അയക്കുകയും ചെയ്യും. ഇതിനായി ബന്ധപ്പെട്ട വകുപ്പ് ഉത്തരവു നൽകിയിട്ടുണ്ട്. വേഗത്തിൽ ഭരണാനുമതി ലഭ്യമാക്കാനും ടെൻഡർ നടപടികളിലേക്ക് കടക്കാനും കഴിയും.
താൽക്കാലിക പരിഹാരമല്ല സ്ഥിരമായ പ്രശ്നപരിഹാരമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാർ ബേബി സുന്ദർരാജ് എന്നിവരുമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.