കൊയിലാണ്ടി സ്റ്റേഡിയത്തിലേക്കു വരൂ ഫുട്ബാളിനു പകരം വാട്ടർപോളോ കളിക്കാം
text_fieldsകൊയിലാണ്ടി: മഴ പെയ്തതോടെ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം വെള്ളത്തിൽ മുങ്ങി വാട്ടർപോളോ കളിക്കാൻ പാകത്തിലായി. സ്റ്റേഡിയത്തിൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. ഓവുചാൽ പണിതിട്ടുണ്ടെങ്കിലും ശാസ്ത്രീയമല്ല. സ്പോർട്സ് കൗൺസിലിനെതിരെ രൂക്ഷമായ ആരോപണമാണ് കായികപ്രേമികൾ ഉന്നയിക്കുന്നത്. റവന്യൂ വിഭാഗത്തിന്റെ കൈവശമായിരുന്ന ഹൈസ്കൂൾ മൈതാനി സ്പോർട്സ് കൗൺസിലിന് 25 വർഷത്തേക്ക് ലീസിനു നൽകുകയായിരുന്നു. അവരാകട്ടെ മികച്ച വരുമാനമാർഗത്തിനുള്ള വഴിയായി ഇതിനെ മാറ്റി. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം പണിയുമെന്നായിരുന്നു വാഗ്ദാനം. ഫലത്തിൽ ഇലവൻസ് ഫുട്ബാൾ കളിക്കാൻ നന്നേ പാടുപെടണം.
മൈതാനി കൈവശത്തിലായപ്പോൾ ഇരു ഭാഗവും ഗാലറിയും അതോടൊപ്പം ഷോപ്പിങ് കോംപ്ലക്സും പണിത് മികച്ച വാണിജ്യകേന്ദ്രമാക്കി മൈതാനിയെ. മികച്ച കളിക്കളം എന്ന കായികപ്രേമികളുടെ സ്വപ്നം കരിഞ്ഞു. 24 വർഷത്തോളമായി വാടകയിനത്തിൽ വൻ തുകയാണ് സ്പോർട്സ് കൗൺസിൽ സ്വന്തമാക്കിയത്. ആദ്യകാലത്ത് പടിഞ്ഞാറു ഭാഗത്തു മാത്രമായിരുന്നു കച്ചവടക്കാർക്കു നൽകിയത്. കൊയിലാണ്ടി നഗരസഭ പഴയ ബസ് സ്റ്റാൻഡ് പൊളിക്കുമ്പോൾ അവിടെയുള്ള കച്ചവടക്കാരെ കുടിയിരുത്താൻ എന്നു പറഞ്ഞ് കിഴക്കുഭാഗവും വാണിജ്യകേന്ദ്രമാക്കി. ഇവിടെ കച്ചവടം ചെയ്യുന്നവർ ബസ് സ്റ്റാൻഡിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവരല്ല. കൊയിലാണ്ടിയിൽ ഫയർസ്റ്റേഷൻ ആവശ്യം ശക്തമായപ്പോൾ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അവർക്കും വാടകക്കു നൽകി.
പല വഴി പണമുണ്ടാക്കുന്നതല്ലാതെ സ്റ്റേഡിയം നവീകരണമൊന്നും അജണ്ടയിലില്ല. സ്പോർട്സ് പ്രേമികളിൽനിന്ന് പ്രതിഷേധം ഉയരുന്നതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുകളുമില്ല. 2023 മാർച്ചിൽ ലീസിന്റെ കാലാവധി കഴിയും. സ്റ്റേഡിയം ഉടൻ നവീകരിക്കണമെന്നും നഗരസഭ ഏറ്റെടുക്കണമെന്നും എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.