കഥകളിമുദ്രയുടെ നാട്ടിൽനിന്ന് ഉയർന്നുവന്ന സംഗീതക്കച്ചേരി
text_fieldsകൊയിലാണ്ടി: കഥകളിമുദ്രയാലും കാൽചിലമ്പുകളാലും സമ്പന്നമായ ചേലിയ ഗ്രാമത്തിൽനിന്ന് സ്വരമാധുരിയുടെ ഓളങ്ങൾ തീർത്ത് ഉന്നതങ്ങളിലേക്ക് കുതിച്ചുയരുകയാണ് മൃദുല വാര്യർ.
കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി തീർത്ത പ്രശസ്തിക്കൊപ്പം ചേലിയ കല-സംഗീത രംഗത്ത് വിസ്മയം തീർക്കുകയാണ്. 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഗായിക പട്ടവുമായി ചേലിയയുടെ അഭിമാനമായി മൃദുല മാറി. സ്കൂൾ വിദ്യാർഥിയായിരിക്കെത്തന്നെ മൃദുല ഗാനരംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും കഴിവു തെളിയിച്ചു. നാലാം വയസ്സിൽ സംഗീതത്തിൽ ഹരിശ്രീ കുറിച്ചു. സഹോദരൻ ജയരാജ് വാര്യരോടൊപ്പമാണ് സംഗീത മത്സരങ്ങളിൽ തുടക്കമിട്ടത്. പി.വി. രാമൻ കുട്ടി വാര്യരുടെയും എം.ടി. വിജയലക്ഷ്മിയുടെയും മകളായ മൃദുല ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദധാരിയാണ്. 2007ൽ ബിഗ് ബിയിലൂടെയായിരുന്നു സിനിമ പിന്നണി രംഗത്തേക്ക് കടന്നു വന്നത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷ പിന്നണിഗാന രംഗത്തും ശ്രദ്ധേയയാണ്. 2014ൽ കളിമണ്ണ് എന്ന സിനിമയിലെ ലാലി..... ലാലി എന്ന ഗാനമാലപിച്ച് കേരള സംസ്ഥാന ചലച്ചിത്ര സ്പെഷൽ ജൂറി അവാർഡ് കരസ്ഥമാക്കി. അവാർഡ് നേട്ടങ്ങൾ നിരവധിയാണ്. സ്കൂൾ കാലം മുതൽ ടെലിവിഷൻ സംഗീതരംഗത്ത് സാന്നിധ്യം തെളിയിച്ച് അംഗീകാരങ്ങൾ കൈപ്പിടിയിൽ ചേർത്തുപിടിക്കാൻ തുടങ്ങി.
നിരവധി ടെലിവിഷൻ - റിയാലിറ്റി ഷോ അവാർഡ് വിജയിയാണ്. നേട്ടങ്ങളിൽ അഭിമാനം കൊള്ളുകയാണ് നാട്ടുകാർ. കാറ്റിനൊപ്പം ഒഴുകിയെത്തുന്ന മൃദുലയുടെ സ്വരമാധുരി ദിഗന്ദങ്ങളിലും അലയടിക്കട്ടെ എന്ന ആഗ്രഹവുമായി പുതിയ പാട്ടുകൾക്ക് കാതോർത്തിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.