കെ-റെയിൽ: നന്ദിഗ്രാം ആവർത്തിക്കുമെന്നത് മനപ്പായസം ഉണ്ണൽ മാത്രം -തോമസ് ഐസക്
text_fieldsകൊയിലാണ്ടി: കെ -റെയിൽ വിരുദ്ധ പ്രവർത്തനത്തിലൂടെ നന്ദിഗ്രാം ആവർത്തിക്കാമെന്ന ചിലരുടെ ആഗ്രഹം മനപ്പായസം ഉണ്ണൽ മാത്രമാകുമെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ജില്ല സമ്മേളനത്തോടനുബന്ധിച്ച് സി.പി.എം കാട്ടിലപ്പീടികയിൽ സംഘടിപ്പിച്ച 'കെ -റെയിൽ നേരും നുണയും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവികേരളത്തിന്റെ വികസനത്തിന് ഗതാഗതം വളരെ പ്രധാനപ്പെട്ടതാണ്. റോഡ് വികസനംകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല. ട്രാൻസ്പോർട്ട് ഘടന റോഡിൽനിന്ന് മാറ്റിക്കൊണ്ടുവരാനുള്ള പദ്ധതി കൂടിയാണിത്. റോഡുകളെക്കാൾ പരിസ്ഥിതി ആഘാതം കുറഞ്ഞ പൊതുഗതാഗതമാണ് റെയിൽവേ.
നാടിന്റെ വികസനത്തിന് വ്യവസായികവളർച്ച ആവശ്യമാണ്. നല്ല ഗതാഗതസംവിധാനങ്ങൾ ഉണ്ടായാലേ വ്യവസായികൾ നിക്ഷേപങ്ങൾ നടത്തുകയുള്ളൂ. കെ-റെയിൽ കൂടി വന്നാൽ കേരളത്തിൽ ഇടതുമുന്നണി ഭരണത്തുടർച്ചയായിരിക്കും. ഇതോടെ തങ്ങളുടെ കാര്യം കട്ടപ്പുകയാകും എന്നതാണ് യു.ഡി.എഫിന്റെയും മറ്റും എതിർപ്പിനുകാരണം. കെ -റെയിൽ വരേണ്യ വർഗത്തിനുവേണ്ടിയെന്നാണ് ആരോപണം. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടു വരുകയും അതുവഴി അവരുടെ മക്കളെ കെ- റെയിലിലൂടെയും വിമാനത്തിലൂടെയുമെല്ലാം സഞ്ചരിക്കാവുന്ന രീതിയിൽ കൊണ്ടുവരുകയുമാണ് ഇടതുമുന്നണി ലക്ഷ്യം.
ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കുമെല്ലാം മികച്ച വില നൽകും. കെ- റെയിലുമായി ബന്ധപ്പെട്ട് ഉയരുന്നപ്രശ്നങ്ങൾ പരിശോധിക്കുകയും അവക്ക് പരിഹാരം കാണുകയും ചെയ്യും. അനാവശ്യ എതിർപ്പുകൾ ഉയർത്തി പദ്ധതി നിർത്തിക്കളയാമെന്ന് ആരും മോഹിക്കേണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. പി. വിശ്വൻ അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ, കെ.ടി. കുഞ്ഞിക്കണ്ണൻ, ടി.കെ. ചന്ദ്രൻ, പി. ബാബുരാജ്, പി.സി. സതീഷ് ചന്ദ്രൻ, ടി.പി. ബിനീഷ്, സതി കിഴക്കയിൽ, കെ.കെ. മുഹമ്മദ്, കെ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.