യുവാവിന്റെ മരണം; കൊയിലാണ്ടിയിൽ എക്സൈസ് പരിശോധന ശക്തമാക്കി
text_fieldsകൊയിലാണ്ടി: മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് യുവാവ് മരണപ്പെട്ട പശ്ചാത്തലത്തിൽ കൊയിലാണ്ടിയിൽ എക്സൈസ് പരിശോധന ശക്തമാക്കി. ജില്ല സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, ഹെഡ് പോസ്റ്റ് ഓഫിസ്, സമീപത്തെ വഴിയോര വിശ്രമകേന്ദ്രം, കുറുവങ്ങാട് വര കുന്നിലുമാണ് എക്സൈസ് പരിശോധന നടന്നത്. സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം കുറുവങ്ങാട് ഊരാളി വീട്ടിൽ അമൽ സൂര്യ 25 മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
അമൽ സൂര്യയോടൊപ്പം ഉണ്ടായിരുന്ന മൻസൂറിനെയും ഷാഫിയെയും എക്സൈസ് സംഘം ചോദ്യം ചെയ്തു. തലശ്ശേരിയിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നാണ് സൂചന. ഇവർക്ക് പിന്നിലെ റാക്കറ്റിനെപ്പറ്റി സൂചന ലഭിച്ചതായി എക്സൈസ് സംഘം പറഞ്ഞു. കൂടാതെ ഓൺലൈൻ വഴി മാരക രോഗങ്ങൾക്കുപയോഗിക്കുന്ന ഗുളികകൾ വ്യാജ അഡ്രസിൽ വരുത്തുന്നതായും വിവരംലഭിച്ചിട്ടുണ്ട്.
കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽനിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന ലഹരി വസ്തുക്കൾ രാത്രികാലങ്ങളിൽ സ്റ്റേഡിയത്തിൽ വെച്ചാണ് പാക്കറ്റ് ചെയ്യുന്നതെന്നാണ് വിവരം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്റ്റേഡിയത്തിലെ പൊളിഞ്ഞു കിടക്കുന്ന ഗേറ്റുകൾ പുനഃസ്ഥാപിക്കാൻ സ്പോർട്സ് കൗൺസിലിനോട് ആവശ്യപ്പെടുമെന്ന് എക്സൈസ് കമീഷണർ പറഞ്ഞു.
കൂടാതെ കൊയിലാണ്ടി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങിയ കേന്ദ്രങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കാൻ നഗരസഭയോട് ആവശ്യപ്പെടും. മയക്കുമരുന്നിന് അടിമകളായവരെ മോചിപ്പിക്കാൻ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാനും പദ്ധതിയുണ്ടെന്ന് കമീഷണർ അറിയിച്ചു പരിശോധനക്ക് അസി. എക്സൈസ് കമീഷണർ കെ.എസ്. സുരേഷ്, കോഴിക്കോട് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സെസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഗിരീഷ് കുമാർ, കൊയിലാണ്ടി റേഞ്ച്, പേരാമ്പ്ര എക്സൈസ് ഇൻസ്പെക്ടർമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.