ലഹരിവ്യാപനം രൂക്ഷം; നടപടികളില്ല
text_fieldsകൊയിലാണ്ടി: നാട്ടിൽ ലഹരി ഒഴുകുമ്പോഴും നടപടികളില്ലാതെ ഇരുട്ടിൽ തപ്പുകയാണ് എക്സൈസ് വകുപ്പ്. പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫിസും കൊയിലാണ്ടിയിലെ സബ് ഇൻസ്പെക്ടർ ഓഫിസും ലഹരി ഉൽപാദനവും വ്യാപനവും തടയാൻ ഫലപ്രാപ്തമായ നടപടികൾ എടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. യുവാക്കളെ കീഴ്പ്പെടുത്തുന്ന രാസലഹരിയുൾപ്പെടെ വിവിധ ഗുളികകളും സജീവമായി കൊയിലാണ്ടി മുനിസിപ്പൽ പ്രദേശത്തും വിവിധ പഞ്ചായത്തുകളിലും വലിയ തോതിൽ വിൽക്കപ്പെടുന്നു. ഒപ്പം കാവുംവട്ടം, കീഴരിയൂർ, നടുവത്തൂർ ഭാഗത്ത് വ്യാജമദ്യ ഉൽപാദനവും നടത്തുന്നു. വിഷു,ഇലക്ഷൻ, കല്യാണ വീടുകൾ എന്നിവ മുന്നിൽ ക്കണ്ടാണ് വ്യാജമദ്യ ഉൽപാദനം നടക്കുന്നത്. സ്പെഷൽ എന്ന ഓമന പ്പേരിൽ വിവിധ കളറുകൾ ചേർത്ത് വൻതുകക്കാണ് കുപ്പികൾ വിറ്റഴിക്കപ്പെടുന്നത്. മാഹി, ബിവറേജുകൾ എന്നിവിടങ്ങളിൽ നിന്നെത്തിച്ച് ബ്ലാക്കിൽ വിൽപന നടത്തുന്ന രീതിയും നാട്ടിൻ പുറങ്ങളിൽ വ്യാപകമാണ്. ബൈക്കിൽ കറങ്ങിയാണ് നാട്ടിൽ മദ്യമെത്തിക്കുന്നത്.ആവശ്യക്കാരന്റെ അരികിൽ എത്തുന്നതിനാൽ വൻ തുകയാണ് ഈടാക്കപ്പെടുന്നത്. മുൻകാലത്ത് കൃത്യമായ റെയ്ഡ് നടത്തിയ എക്സൈസ് സംഘം ഇപ്പോൾ റെയ്ഡ് തീരെ ഉപേക്ഷിച്ച മട്ടാണ്.
റെയ്ഡ് നടക്കുന്നതിനു മുമ്പ് ലഹരി വിൽപനക്കാർക്ക് വിവര മെത്തുന്നതിനാൽ ആരും പിടിക്കപ്പെടാറുമില്ല. നേരത്തെയുണ്ടായിരുന്ന കാര്യശേഷിയുള്ള ഇൻസ്പെക്ടർമാരുടെ കാലത്ത് 25 കി.ഗ്രാം കഞ്ചാവ് വരെ പിടിച്ച സംഭവമുണ്ടായിരുന്നു. സമീപകാലത്ത് എക്സൈസ് റെയ്ഡ് തീരെ നിലച്ച മട്ടാണ്. ആഴ്ചകൾക്കുമുമ്പ് കൊയിലാണ്ടി സ്റ്റേഡിയത്തിൽ മയക്കുമരുന്ന് ഉപയോഗിച്ച് യുവാവ് മരിച്ച സംഭവത്തിൽ ലഹരി എത്തിയത് സംബന്ധിച്ച് തുടരന്വേഷണം നടത്താനോ റെയ്ഡ് തുടരാനോ എക്സൈസുകാർ ശ്രമിച്ചിട്ടില്ല. നാട്ടിൽ വാഹനങ്ങൾ നിർത്തിയിട്ട് റോഡരികിൽ പരസ്യ മദ്യപാനം നടത്തുന്ന സംഭവത്തിലും ആരെയെങ്കിലും സമിപകാലത്ത് പിടികൂടിയിട്ടുമില്ല.
നേരത്തെ ജില്ല കലക്ടർ അധ്യക്ഷനായും താലൂക്കിൽ തഹസിൽദാർ കൺവീനറായും ജനകീയ കമ്മിറ്റികൾ പ്രവർത്തിച്ചപ്പോൾ ലഹരിവിരുദ്ധ പ്രവർത്തനം സജീവമായിരുന്നു ആ കമ്മിറ്റികൾ പിൽക്കാലത്ത് പിരിച്ചുവിട്ട് സർക്കാർ തടിതപ്പുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.