തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവം; ബി.എൽ.ഒമാർ ദുരിതത്തിൽ
text_fieldsകൊയിലാണ്ടി: പുറത്തെ ചൂടിൽ ശരീരവും അകച്ചൂടിൽ തങ്ങളുടെ മനസ്സും ഉരുകിത്തീരുകയാണെന്ന് ബി.എൽ.ഒമാർ. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായക ജോലി ചെയ്യുന്ന ബൂത്ത് ലെവൽ ഓഫിസർമാർക്ക് വോട്ടർ പട്ടിക ശുദ്ധീകരണം, പട്ടികയിൽ പേരുചേർക്കൽ, ഇരട്ടിപ്പ് ഒഴിവാക്കൽ തുടങ്ങി നിരവധി ജോലികളാണ് ചെയ്യേണ്ടിവരുന്നത്. ഇതോടൊപ്പം ഓഫിസിലെ തസ്തിക പ്രകാരം ചെയ്യേണ്ടുന്ന ജോലികളും പൂർത്തീകരിക്കണം. പൊതുതെരഞ്ഞെടുപ്പ് കാലയളവിൽ ബി.എൽ.ഒമാർക്ക് ജോലിഭാരം വളരെ കൂടുതലാണ്. എന്നാൽ, ഇതിനനുസരിച്ചുള്ള വേതനം തങ്ങൾക്ക് ലഭിക്കാറില്ലെന്ന് ഇവർ പരാതിപ്പെടുന്നു. മാത്രവുമല്ല, മുകളിൽനിന്ന് നിർദേശിക്കപ്പെടുന്ന പല ജോലികളും ചെയ്തുതീർക്കാൻ വേണ്ടത്ര സമയം കിട്ടാത്തതും പ്രയാസമുണ്ടാക്കുന്നു.
ഏപ്രിൽ 26ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വീടുകളിൽ വിതരണം ചെയ്യേണ്ടുന്ന സ്ലിപ്പിൽ വോട്ടർമാരെ തിരിച്ചറിയാനുള്ള വീട്ടുപേര്, വിലാസം തുടങ്ങിയ കാര്യങ്ങളില്ലെന്നതും വളരെ ചെറിയ അക്ഷരത്തിലാണ് വിവരങ്ങൾ പ്രിന്റ് ചെയ്തതെന്നതും ഇവർക്ക് ജോലിയിൽ കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവൃത്തി പൂർത്തീകരിക്കാനും സ്ലിപ്പുകൾ വിതരണം ചെയ്യാനും നാലു ദിവസം മാത്രമാണ് ബി.എൽ.ഒമാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചത്. ഒരു ബൂത്തിലെ ശരാശരി 1300ഓളം വോട്ടർമാരെ കണ്ട് നാലു ദിവസത്തിനുള്ളിൽ ഇവ വിതരണം ചെയ്യാൻ കഴിയില്ലെന്നും ബി.എൽ.ഒമാർ പറയുന്നു. കുന്നും ഇടുങ്ങിയ വഴികളും താണ്ടി കത്തുന്ന ചൂടിൽ ജോലി ചെയ്യാൻ ഏറെ പ്രയാസമാണ്.
85 വയസ്സായവർക്കും അംഗപരിമിതർക്കും വീട്ടിൽവെച്ച് വോട്ടുചെയ്യാനുള്ള സംവിധാനമുണ്ടായതോടെ അതിനും ബി.എൽ.ഒമാരുടെ സേവനം നിർബന്ധമാണ്. ജോലിസമയം കുറയുമ്പോൾ ചുമതലകൾ വർധിച്ചുവരുന്ന സ്ഥിതിയാണ് തങ്ങൾക്കെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ ആളുകൾ ഈ ജോലി ഏറ്റെടുക്കാൻ മടികാണിക്കുന്നതിനാൽ നിലവിലുള്ളവർതന്നെ വർഷങ്ങളായി ഈ രംഗത്ത് തുടരേണ്ടിവരുന്നു. കഴിഞ്ഞവർഷത്തെ ജോലിയുടെ വേതനവും ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അവസാന നിമിഷത്തിലാണ് എത്തുന്നതെന്നും ഇതിനാൽ വലിയ വിഷമമുണ്ടെന്നും ഇവർ പരാതിപ്പെടുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റെല്ലാ വിഭാഗത്തിനും അധികവേതനം ലഭിക്കുമ്പോൾ ബി.എൽ.ഒമാർക്ക് ഒരു വർധനയും വേതനത്തിൽ ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.