വ്യാജ കവര്‍ച്ചക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി
text_fieldsകൊയിലാണ്ടി: ആഴ്ചകൾക്കു മുമ്പ് യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന വ്യാജ കവര്‍ച്ചക്കേസിലെ പ്രതികളെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം മേധാവി ശ്രീലാൽ ചന്ദ്രശേഖർ നൽകിയ അപേക്ഷയെ തുടർന്ന് മൂന്നുദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. റിമാൻഡില്‍ കഴിയുന്ന പ്രതികളായ തിക്കോടി സ്വദേശികളായ ഷുഹൈല്‍, യാസിര്‍, താഹ എന്നിവരെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പൊലീസ് തിങ്കളാഴ്ച നൽകിയ അപേക്ഷ. കേസില്‍ ഇനിയും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പണം കൈകാര്യം ചെയ്തത് സംബന്ധിച്ചുള്ള ദുരൂഹതകള്‍ നീക്കാനുമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.
കേസിലെ പ്രധാന പ്രതിയായ താഹയില്‍നിന്ന് 37 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍, എഫ്.ഐ.ആര് പ്രകാരം 72 ലക്ഷം കണ്ടെത്താനുണ്ടെന്നാണ് വണ്‍ ഇന്ത്യ എ.ടി.എം കമ്പനി നൽകിയ പരാതിയിൽ പറയുന്നത്. പ്രതികളുടെ മൊഴി പ്രകാരം താഹയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ പണം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയത്. തിക്കോടി കാത്തലിക് സിറിയൻ ബാങ്കിൽ താഹ പണയംവെച്ച സ്വർണം തിരിച്ചെടുത്തത് അന്വേഷിക്കാൻ പ്രതികളെ തിങ്കളാഴ്ച ഉച്ചക്കുശേഷം ബാങ്കിലെത്തിച്ച് തെളിവെടുത്തു. ആര്‍ക്കൊക്കെയാണ് പ്രതികള്‍ പണം നല്‍കിയതെന്നും എ.ടി.എം കമ്പനി നഷ്ടമായെന്ന് പറയുന്ന തുകയിലെ ബാക്കി തുക എന്തുചെയ്തെന്നതിനെക്കുറിച്ചും ഇതോടൊപ്പം അന്വേഷിക്കും.
കൊയിലാണ്ടിയില്‍നിന്ന് കാറിൽ പണവുമായി അരിക്കുളം കുരുടിമുക്കിലുള്ള എ.ടി.എമ്മിലേക്ക് പോകവേ വഴിയില്‍വെച്ച് പര്‍ദ്ദധാരികളായ ഒരു സംഘം കാറിൽ കയറി മുളകുപൊടി വിതറി പണം തട്ടിയെന്നായിരുന്നു പ്രതി സുഹൈല്‍ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍, തുടക്കത്തില്‍തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.