വ്യാജരേഖ ചമക്കൽ: തട്ടിക്കൊണ്ടുപോകലിനു ഇരയായ യുവാവും സുഹൃത്തും അറസ്റ്റിൽ
text_fieldsകൊയിലാണ്ടി: തട്ടിക്കൊണ്ടുപോകലിനു ഇരയായ യുവാവിനെയും സുഹൃത്തിനെയും വ്യാജരേഖ ചമച്ചതിന് പൊലീസ് അറസ്റ്റു ചെയ്തു. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയശേഷം വിട്ടയച്ച മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ, സുഹൃത്ത് ഊരള്ളൂര്‍ സ്വദേശി ഷംസാദ് എന്നിവരെയാണ് കസ്റ്റംസ് രേഖ വ്യാജമായി നിര്‍മിച്ച് കബളിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്.
ഖത്തറിലായിരുന്ന ഹനീഫ മാര്‍ച്ച് 29നാണ് നാട്ടിലെത്തിയത്. വിദേശത്തുനിന്നു വരുമ്പോള്‍ പയ്യോളി സ്വദേശിയായ ജുനൈദിനു കൊടുക്കാന്‍ ഇടനിലക്കാര്‍ 720 ഗ്രാം സ്വര്‍ണം ഹനീഫയെ ഏൽപിച്ചിരുന്നു. ഈ സ്വര്‍ണം ജുനൈദിന് കൊടുക്കാതെ ഹനീഫയും ഷംസാദും ചേര്‍ന്ന് വീതിച്ചെടുത്തുവെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണം കസ്റ്റംസ് പിടിച്ചതായാണ് ജുനൈദിനോട് ഇരുവരും പറഞ്ഞത്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സ്വര്‍ണം കസ്റ്റംസ് പിടിച്ചതിെൻറ തെളിവിനായാണ് കസ്റ്റംസിെൻറ വ്യാജ സീല്‍ പതിച്ച് രേഖയുണ്ടാക്കിയത്.
താമരശ്ശേരി, കൊടുവള്ളി മേഖലയിലുള്ളവരുടേതായിരുന്നു കൊണ്ടുവന്ന സ്വര്‍ണം. കൊടുവള്ളി സംഘം നടത്തിയ അന്വേഷണത്തില്‍ ഇത് കളവാണെന്ന് ബോധ്യപ്പെട്ടു. ഇതോടെ സ്വർണം നഷ്ടപ്പെട്ട സംഘം ഹനീഫയെയും ഷംസാദിനെയും പിന്തുടർന്നു. ഷംസാദിനെ മേയ് 27ന് പയ്യോളിയില്‍നിന്നു പകല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി. നാട്ടുകാര്‍ ഇടപെട്ടതോടെ ശ്രമം വിഫലമായി. ഈ സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്തിരുന്നു. ഹനീഫയെ ഞായറാഴ്ച രാത്രി 11 മണിയോടെ വാഹനത്തിലെത്തിയ സംഘം വീട്ടിനടുത്തു നിന്നും തട്ടിക്കൊണ്ടുപോകുകയും മർദിച്ച് അവശനാക്കിയ ശേഷം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. സഹോദരിയുടെ വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഹനീഫയുടെ വീടിനു 200 മീറ്റര്‍ അകലെ റോഡരികില്‍നിന്ന് എയര്‍ പിസ്റ്റൾ കഴിഞ്ഞ ദിവസം കിട്ടിയിരുന്നു.
ഹനീഫയെയും ഷംസാദിനെയും കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയമാക്കി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസ്, ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെറീഫ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.