അംഗൻവാടിക്ക് അവധി; ജീവനക്കാർക്ക് ദുരിതം
text_fieldsകൊയിലാണ്ടി: ഉഷ്ണതരംഗം ഉണ്ടാവുമെന്ന കാലാവസ്ഥ വകുപ്പ് സൂചനയെതുടർന്ന് അംഗൻവാടിക്ക് അവധി നൽകിയത് ടീച്ചർമാരുടെ ദുരിതം ഇരട്ടിയാക്കുന്നു.
കടുത്ത വേനലിനെതുടർന്ന് സ്വകാര്യ ട്യൂഷൻപോലും വിലക്കിയ മാർച്ച് മാസത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് നാളെമുതൽ, അധികൃതർ അവധി നൽകിയെങ്കിലും അധ്യാപികമാർ, ആയമാർ എന്നിവർ ഹാജരാകണമെന്ന് സാമൂഹിക നീതി വകുപ്പ് ഉത്തരവിൽ പറയുന്നു. ഇതോടൊപ്പം പാലും മുട്ടയും മറ്റ് ഭക്ഷ്യവസ്തുക്കളും വീട്ടിൽ എത്തിക്കണമെന്നും നിർദേശമുണ്ട്.
മാസങ്ങളായി മുടങ്ങിക്കിടന്ന പാൽ അംഗൻവാടി പൂട്ടിയ ദിവസങ്ങളിൽ വിതരണം ചെയ്യാനുള്ള നിർദേശം ജീവനക്കാരെ പാടെ കുഴക്കുകയാണ്. കാരണം 4 കുട്ടികൾക്ക് ഒരു പാക്കറ്റ് പാലാണ് ലഭിക്കുക. ഇത് കവർ പൊട്ടിച്ചു 4 വീട്ടിൽ എത്തിക്കുക ഏറെ ശ്രമകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷ്യവസ്തുക്കളും വീട്ടിൽ എത്തിച്ചുനൽകണം.
ഉഷ്ണതരംഗ ഭീഷണിയിൽ അവധി നൽകിയിട്ടും കൊടുംവേനലിൽ തങ്ങൾ എങ്ങനെ ചുമതല നിറവേറ്റുമെന്നും ജീവനക്കാർ ചോദിക്കുന്നു. രക്ഷിതാവ് ആവശ്യപ്പെട്ടാൽ കുട്ടിയെ അംഗൻവാടിയിൽ ഇരുത്തണമെന്നും അവധി നൽകിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നുമുണ്ട്.കടുത്ത വേനലിൽ അംഗൻവാടി ജീവനക്കാർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് മാധ്യമം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.