കനത്ത കാറ്റിൽ കാപ്പാട് ടൂറിസം കേന്ദ്രത്തിന് നാശനഷ്ടം
text_fieldsകൊയിലാണ്ടി: കാറ്റിലും മഴയിലും കാപ്പാട് ബീച്ചില്‍ മരങ്ങള്‍ കടപുഴകി വീണു. ഇതോടെ വിനോദസഞ്ചാരത്തിന് താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കാറ്റാടിമരങ്ങളും തെങ്ങുമാണ് വീണത്. കോഴിക്കോട് ഡി.ടി.പി.സി അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി വീണു കിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റി.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായത്. 12ഓളം വന്‍ കാറ്റാടി മരങ്ങളും തെങ്ങുമാണ് മുറിഞ്ഞുവീണത്. പാര്‍ക്കിനകത്തു പ്രവര്‍ത്തിക്കുന്ന കഫ്റ്റീരിയയുടെ റൂഫും സീലിങ്ങും തകര്‍ന്നു. കവാടത്തിനോട് ചേര്‍ന്നുള്ള കോമ്പൗണ്ട് മതിലും തകര്‍ന്നിട്ടുണ്ട് കുട്ടികളുടെ പാര്‍ക്കിലെയും ഓപണ്‍ ജിമ്മിലെയും ഉപകരണങ്ങള്‍, റേഞ്ച് ഷട്ടറിന്റെ മേല്‍ക്കൂര, പാര്‍ക്കിനകത്തെ എല്‍.ഇ.ഡി ലൈറ്റുകള്‍ക്കും സി.സി.ടി.വി കാമറ സംവിധാനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു.
നാശനഷ്ടം കണക്കാക്കി വരുന്നതായി അധികൃതർ പറഞ്ഞു. വീണ മരങ്ങള്‍ നീക്കംചെയ്യൽ ആരംഭിച്ചതായും ജില്ല കലക്ടറെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ക്ക് രണ്ടുദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ഡി.ടി.പി.സി ഡെസ്റ്റിനേഷന്‍ മാനേജര്‍ കെ. അശ്വിന് പറഞ്ഞു.
കക്കയം ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും
കൂരാച്ചുണ്ട്: കാട്ടുപോത്ത് ആക്രമണത്തെത്തുടർന്ന് 100 ദിവസത്തിലധികമായി അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രം മേയ് 10 മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും. കക്കയത്ത് ഫോറസ്റ്റ് ഓഫിസിൽ സ്ഥലം എം.എൽ.എ സച്ചിൻദേവിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ടൂറിസം കേന്ദ്രം തുറക്കാൻ തീരുമാനമായത്.
ജനുവരി 20ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെ തുടർന്ന് അടച്ചിട്ടതായിരുന്നു ഇക്കോ ടൂറിസം കേന്ദ്രം. മാർച്ച് അഞ്ചിന് കർഷകൻ പാലാട്ടിയിൽ അബ്രഹാം കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധി വർധിക്കുകയായിരുന്നു
മേയ് ഒന്ന് മുതൽ കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസം കേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിച്ചിരുന്നു. എന്നാൽ, ഇക്കോ ടൂറിസം സെന്റർ പ്രവർത്തനമാരംഭിക്കാത്തത് കാരണം കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് കക്കയത്തെ പ്രധാന ആകർഷണ കേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.
വനമേഖലയോട് ചേർന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പെരുവണ്ണാമൂഴി റേഞ്ച് ഓഫിസർ എൻ. പ്രബീഷ്, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സി. വിജിത്ത്, സുനിൽ പാറപ്പുറം, മുജീബ് കോട്ടോല, സിബി മണ്ണനാൽ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.