കൊയിലാണ്ടി താലൂക്ക് ആശുപത്രി: താൽക്കാലിക സൂപ്രണ്ടും അവധിയിൽ
text_fieldsകൊയിലാണ്ടി: ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരില്ലാതെ പ്രയാസമനുഭവിക്കുന്ന താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ താൽകാലിക സൂപ്രണ്ടും അവധിയിൽ. ഇതോടെ ആശുപത്രി പ്രവർത്തനം കൂടുതൽ താളം തെറ്റും. ഒരു വർഷമായി സൂപ്രണ്ട് പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്ക് താൽകാലിക ചുമതല നൽകുകയായിരുന്നു. അവർ ഒരു മാസത്തേക്ക് അവധിയിൽ പ്രവേശിച്ചു. നേരത്തെയുണ്ടായിരുന്ന സൂപ്രണ്ട് കാസർക്കോട്ടേക്ക് 2021 ജൂലൈയിൽ സ്ഥലം മാറി പോവുകയായിരുന്നു. ഗൈനക്കോളജി വിഭാഗം ഡോക്ടർക്ക് അധികചുമതല നൽകിയതും പ്രയാസം സൃഷ്ടിച്ചിരുന്നു. അഞ്ചു ഡോക്ടറെങ്കിലും വേണ്ടിടത്ത് ഒരു ഡോക്ടറുടെ സേവനം മാത്രമാണ് പൂർണമായും ലഭിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒക്ടോബറിൽ കൊട്ടിഘോഷിച്ച് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത ''ലക്ഷ്യ'' പദ്ധതി അവതാളത്തിലായിരുന്നു. വിരലിലെണ്ണാവുന്ന പ്രസവം മാത്രമാണ് ഇവിടെ നടന്നത്. ഡോക്ടർമാരുടെ എണ്ണക്കുറവ് സ്പെഷലിസ്റ്റ് വിഭാഗത്തെയും സാരമായി ബാധിച്ചു. വെള്ളിയാഴ്ച സ്പെഷലിസ്റ്റ് വിഭാഗം ഡോക്ടർമാർക്ക് ജനറൽ ഒ.പിയിൽ ജോലി ചെയ്യേണ്ടി വന്നു. ഇതു കാരണം മെഡിസിൻ, ഇ.എൻ.ടി, ശസ്ത്രക്രിയ, ശിശു രോഗം, സ്ത്രീ രോഗം, ചർമരോഗം, അസ്ഥിരോഗം, നേത്രരോഗം എന്നീ വിഭാഗങ്ങൾ പ്രവർത്തിച്ചില്ല. ജനറൽ ഒ.പി, ദന്ത വിഭാഗം എന്നിവ മാത്രമാണ് ഉണ്ടായത്. പരിശോധനക്കെത്തുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഫാർമസിയിൽ ഉൾപ്പെടെ വൻ തിരക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങളൊന്നും പലപ്പോഴും പാലിക്കാൻ കഴിയാറില്ല. അവഗണനക്ക് എന്നു പരിഹാരം കാണുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രതിദിനം രണ്ടായിരത്തോളം പേർ ആശ്രയിക്കുന്ന ആതുരാലയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.