കൊയിലാണ്ടി ടൗൺ അപകട കേന്ദ്രമാവുന്നു; യാത്രക്കാർ ഭീതിയിൽ
text_fieldsടൗണിൽ ബസ് ബേ ഇല്ലാത്തതിനാൽ നടുറോഡിൽ ബസ് നിർത്തി ആളുകളെ കയറ്റുന്നു
കൊയിലാണ്ടി: ദേശീയ പാതയിലെ അപകട പരമ്പരകൾ യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്നു. കഴിഞ്ഞ രണ്ടു ദിവസം മുമ്പ് എലത്തൂർ സ്വദേശിനിയായ യുവതിയും ചേലിയ സ്വദേശിയും മരണപ്പെട്ടതാണ് അപകട പരമ്പരയിലെ അവസാന സംഭവം. കഴിഞ്ഞ രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കുട്ടിയിടിച്ച് കാറിന് കേടുപാടു സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ലെന്നത് ഏറെ ആശ്വാസകരമായിരുന്നു.
ട്രാഫിക് സിഗ്നലുകൾ ഇല്ലാത്തതും ദേശീയ പാതയിൽ നേരത്തേയുണ്ടായിരുന്ന സീബ്രാ ലൈനുകളും സ്പീഡ് ബ്രേക്കറുകളും മാഞ്ഞു പോയതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. ബൈപാസ് 66ന്റെ നിർമാണത്തിന്റെ ഭാഗമായുണ്ടാവുന്ന ട്രാഫിക് കുരുക്കൊഴിയുമ്പോൾ ദീർഘദൂര യാത്ര വാഹനങ്ങൾ കാട്ടുന്ന അമിത വേഗവും അപകടത്തിന്റെ തോത് വർധിപ്പിക്കുന്നു.
ഇതോടൊപ്പം ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സികൾക്ക് പാർക്കിങ് സ്ഥലമില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നേരത്തേ ട്രാഫിക് പൊലീസിന്റെ സേവനമുണ്ടായിരുന്ന പല സ്ഥലത്തും ഇപ്പോൾ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
കൊയിലാണ്ടി പഴയ ബസ് സ്റ്റാൻഡിനു മുന്നിൽ സിബ്രാലൈൻ മാഞ്ഞതോടെ സ്പീഡ് ബ്രേക്കറിലൂടെയാണ് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. കോടതി, താലൂക്ക് ആശുപത്രി, ഗവൺമെന്റ് ബോയ്സ് സ്കൂൾ എന്നിവക്കു മുന്നിൽ പോലും ഒരു സിഗ്നൽ ബോർഡുകളുമില്ല.
അതുകൊണ്ട് ദീർഘദൂര യാത്ര വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിച്ച് അപകടം വരുത്തുന്നതും പതിവാണ്. വടകര -കോഴിക്കോട് ഭാഗത്തേക്ക് ഓടുന്ന ലോക്കൽ ബസുകൾ നഗരത്തിലുടനീളം നിർത്തി ആളുകളെ കയറ്റുന്നതും അപകടഭീഷണി ഉയർത്തുന്നതായി കാൽനട യാത്രക്കാർ പറയുന്നു.
ഇവിടെ ബസ് ബേ ഇല്ലാത്തതിനാൽ നടുറോഡിൽ ബസുകൾ നിർത്തിയാണ് ആളെ കയറ്റുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നിരവധി പേർ നഗരത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊന്നും ഉത്തരവാദപ്പെട്ടവർ ഗൗനിക്കാറില്ലെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.