പൊലീസ് സ്റ്റേഷനിലെത്തിയയാൾ തല സ്വയം ഗ്രില്ലിലിടിച്ച് പരിക്കേൽപിച്ചു
text_fieldsകൊയിലാണ്ടി: പൊലീസ് സ്റ്റേഷനിലെത്തിയയാൾ ഗ്രില്ലിൽ സ്വയം തലയിടിച്ച് പരിക്കേൽപിച്ചു. ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോൾ അക്രമാസക്തനുമായി. സംഭവത്തിൽ പൊലീസുകാരനും പരിക്കേറ്റു. വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം.
കണ്ണൂർ ചാലാട് പൊന്നൻപാറ അരയൻകണ്ടി ഷാജിത് (46) പൊലീസ് സ്റ്റേഷനിലെത്തി തന്നെ ആരോ പിന്തുടരുന്നുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ സ്റ്റേഷൻ വാതിലിന്റെ ഗ്രില്ലിൽ തലയിടിച്ച് പരിക്കേൽപിച്ചു. ഇവിടെ മറ്റ് അക്രമമൊന്നും കാണിച്ചില്ല. പൊലീസ് ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡ്രസിങ് റൂമിൽ പ്രവേശിപ്പിച്ച് കിടത്തി മരുന്നു വെക്കുന്നതിനിടെ പെട്ടെന്ന് എഴുന്നേറ്റ് കാബിനിലെ രണ്ടു ചില്ലുകൾ തകർത്തു.
അക്രമാസക്തനായ ഇയാളെ പൊലീസും സുരക്ഷാജീവനക്കാരുംകൂടി ഏറെ ശ്രമിച്ച് കീഴടക്കി. അതിനിടെ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗംഗേഷിന് ചില്ലുകൊണ്ട് പരിക്കേറ്റു. വലതു കൈയിലെ ചെറുവിരലിന് മൂന്നു തുന്നലുകളുണ്ട്.
ഷാജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കുശേഷം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. പൊതുമുതൽ നശിപ്പിക്കൽ, ജോലി തടസ്സപ്പെടുത്തൽ, ആക്രമിക്കൽ എന്നിവക്ക് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.