കണ്ടൽക്കാട് സംരക്ഷണ പദ്ധതി പാതിവഴിയിൽ
text_fieldsകൊയിലാണ്ടി: കണ്ടൽക്കാട് വികസന പദ്ധതി പാതിവഴിയിൽ നിലച്ചതായി പരാതി. ഏഷ്യയിലെ ഏറ്റവും വലിയ കണ്ടൽക്കാട് പദ്ധതിയായി അറിയപ്പെട്ട അണേലക്കടവ് കണ്ടൽക്കാട് പദ്ധതിയുടെ പ്രവർത്തനമാണ് ആളനക്കമില്ലാതെ നശിക്കുന്നത്.
അകലാപുഴയുടെ ഭാഗമായ അണേലക്കടവിലും പരിസരപ്രദേശത്തുമായി നൂറുകണക്കിന് ഏക്കർ ഭൂമിയാണ് പദ്ധതി നടത്തിപ്പിന്റെ നിർദിഷ്ട സ്ഥലമായി പരിഗണിക്കപ്പെട്ടത്.
സ്വകാര്യ ഉടമസ്ഥതയിലും റവന്യൂ അധികാരത്തിലുംപെട്ട ഭൂമിയായിരുന്നു ഇവ. ഏകദേശം 15 വർഷം മുമ്പ് ആരംഭിച്ച പദ്ധതിക്ക് കൊയിലാണ്ടി നഗരസഭയാണ് ചുക്കാൻ പിടിച്ചത്. അപൂർവമായ കണ്ടൽച്ചെടികളുടെ സംരക്ഷണം, പഠന പ്രവർത്തനങ്ങൾ, കണ്ടൽ ഗവേഷണം, പുതുതലമുറയെ പ്രകൃതിയുമായി കൂട്ടിയിണക്കൽ എന്നിവ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
ഇതിനായി അണേലക്കടവിൽ പാലത്തിന് സമീപം പണിത കെട്ടിടത്തിൽ കണ്ടൽ മ്യൂസിയവും ലൈബ്രറിയും ആരംഭിച്ചു. പ്രഗല്ഭരായ പ്രകൃതിസംരക്ഷണ പ്രവർത്തകരുടെ സഹായവും തേടി. നഗരസഭ വാർഷിക പദ്ധതികളിൽ കണ്ടൽക്കാടിന്റെ വികസനം ലക്ഷ്യമാക്കി ഫണ്ടും വകയിരുത്തി.
ഏറെ കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്ത പദ്ധതി ഏറക്കുറെ നിലച്ചമട്ടാണ്. അണേലക്കടവ് -കണയങ്കോട് റോഡിന്റെ പരിസരത്ത് കണ്ടൽക്കാട് വെട്ടിനശിപ്പിക്കലും പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ തള്ളലും പതിവാണ്. എന്നാൽ, ആർക്കെതിരെയും ഒരു നടപടിയും ഉണ്ടാകുന്നില്ല.
ഇതോടൊപ്പം സ്വകാര്യവ്യക്തികൾ തങ്ങളുടെ അധീനതയിലുള്ള ഭൂമിയിൽനിന്ന് കണ്ടൽചെടികൾ പാടെ വെട്ടിനശിപ്പിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നഗരസഭക്ക് പദ്ധതിനടത്തിപ്പിൽ താൽപര്യം നിലച്ച മട്ടാണ്. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങൾക്ക് പരിഹാരമായി കണ്ടൽചെടികളെ വിനിയോഗിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുമ്പോഴാണ് കോരപ്പുഴയുടെ വശങ്ങളിൽ കൈയേറ്റം നടത്തി കണ്ടലുകൾ നശിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.