വരൾച്ച നേരിടാൻ പദ്ധതിയുമായി നഗരസഭ
text_fieldsകൊയിലാണ്ടി: വേനൽക്കാലത്ത് ചുട്ടുപൊള്ളുന്ന നാടിനെ സംരക്ഷിക്കാൻ പദ്ധതികൾ ഒരുക്കി ശ്രദ്ധേയരാവുകയാണ് കൊയിലാണ്ടി നഗരസഭ.
മുനിസിപ്പൽ പരിധിയിൽ ഉൾപ്പെട്ട വിവിധ കുളങ്ങളും ജലാശയങ്ങളും നീർച്ചാലുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ. നഗരസഭക്ക് സ്വകാര്യ വ്യക്തികൾ വിട്ടുനൽകിയിട്ടുള്ള അഞ്ചു കുളങ്ങളുടെ നവീകരണ നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കൊല്ലത്തെ നാണംചിറ, പന്തലായനിയിലെ നമ്പിവീട്ടിൽ കുളം, അണേലയിലെ ചെട്ടിയാട്ടിൽ കുളം, കോമത്തുകരയിലെ തച്ചം വള്ളിക്കുളം, ഒറ്റക്കണ്ടത്തെ വടക്കുമ്പാട്ട് ഇല്ലംകുളം എന്നിവയാണ്. ഒരു കോടിയുടെ ചെലവിൽ നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.
കൊല്ലത്ത് താന്നിക്കുളം ഉൾപ്പെടെ സ്വകാര്യ വ്യക്തികളുടെ കുളങ്ങൾ ശുചീകരിക്കാനും നവീകരിക്കാനും ആവശ്യമായ ഇടപെടലുകൾ നഗരസഭ നടത്തിവരുന്നതായി അധികൃതർ പറഞ്ഞു. നഗരസഭയിലെ വിവിധ തോടുകളായ വായനാരി തോട് കൂമൻ തോട്, അരീക്കൽ തോട് എന്നിവ നവീകരിക്കുന്നതിനായി ഒരു കോടി രൂപയുടെ പ്രവൃത്തിയും നടന്നുകൊണ്ടിരിക്കുന്നു.
2017 കാലത്ത് 6000 പരം മഴക്കുഴികൾ നിർമിച്ചുകൊണ്ട് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൊയിലാണ്ടി നഗരസഭ മാതൃകയായിരുന്നു. കൂടാതെ ഓരോ വർഷവും ജലസംരക്ഷണ സന്ദേശം ഉയർത്തിക്കൊണ്ട് ജല സാക്ഷരതയും ജലസഭകളും സംഘടിപ്പിച്ചുവരുന്നതായി അധികാരികൾ പറഞ്ഞു.
ജലസംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനും പദ്ധതിയുണ്ട്. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 40 ലക്ഷം ചെലവിൽ ടാങ്കറിൽ പൊതു ഇടങ്ങളിൽ കുടിവെള്ള വിതരണവും നടത്തിവരുന്നു. നഗരത്തിൽ എത്തുന്നവർക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ബസ് സ്റ്റാൻഡിൽ പ്രത്യേക കുടിവെള്ള കിയോസ്കും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികളുടെ കുളങ്ങൾ ഏറ്റെടുക്കുന്നതിനും നവീകരിക്കുന്നതിനും നടപടികളായി വരുന്നു. തൊഴിലുറപ്പ്, ഹരിത കർമസേന, റസിഡൻറ്സ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.