ഐസ്ക്രീമിൽ വിഷം ചേർത്തു നൽകിയതിനു പിന്നിൽ കുടുംബത്തോടുള്ള പക
text_fieldsകൊയിലാണ്ടി: ഐസ്ക്രീമിൽ വിഷം ചേർത്ത് പന്ത്രണ്ടുകാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ കുടുംബത്തോടുള്ള ശത്രുതയെന്ന് പൊലീസ് നിഗമനം. മരിച്ച അഹമ്മദ് ഹസൻ റിഫായിയുടെ മാതാവ് അസ്മയോടായിരുന്നു പ്രതിയായ പിതൃസഹോദരി താഹിറക്ക് പ്രധാന ശത്രുത. കുടുംബത്തിലെ കൂടുതൽ പേരെ അപകടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫാമിലി പാക്ക് ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകിയത്.
ഏറെനാൾ ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് കരുതുന്നു. മാതാവും രണ്ടു സഹോദരങ്ങളും പേരാമ്പ്രയിൽ പോയതുകൊണ്ട് അപകടത്തിൽനിന്നു രക്ഷപ്പെടുകയായിരുന്നു. പിതാവും വീട്ടിലുണ്ടായിരുന്നില്ല. വല്യുമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അരുചി കാരണം അഹമ്മദ് ഹസൻ റിഫായി ഐസ്ക്രീം മുഴുവൻ കഴിച്ചിരുന്നില്ല. അരിക്കുളത്തെ കടയിൽനിന്നാണ് താഹിറ ഐസ്ക്രീം വാങ്ങിയത്.
ഇവിടെനിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചവർക്ക് ആർക്കും പ്രശ്നമുണ്ടായിരുന്നില്ല. ഇക്കാരണത്താലും റിഫായിയുടെ ശരീരത്തിൽ അമോണിയയും ഫോസ്ഫറസും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതുമാണ് അന്വേഷണം താഹിറയിലേക്കു നീങ്ങാൻ ഇടയാക്കിയത്.
കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത അരിക്കുളം കോറോത്ത് താഹിറയെ (38) മാനന്തവാടി വനിത ജയിലിലേക്ക് അയച്ചു. ഏപ്രിൽ 17ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അഹമ്മദ് ഹസൻ റിഫായി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.