കൊയിലാണ്ടി ഹാർബർ പരിസരത്ത് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി മീൻവിൽപന
text_fieldsകൊയിലാണ്ടി: മത്സ്യബന്ധന തുറമുഖ പരിസരത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മീൻ വിൽപന തകൃതി. തമിഴ്നാട്, കർണാടക, ആന്ധ്ര, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മീനുകളാണ് വിറ്റഴിക്കുന്നത്. നിരന്തരം മീനുകളുമായുള്ള വാഹനങ്ങൾ വന്നു പോകുകയാണ് ഇവിടെ.ഒന്നിനും ഒരു നിയന്ത്രണവുമില്ല.
ഇങ്ങനെ വരുന്ന മീനുകൾ വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും പുലർച്ച നാലു മുതൽ മത്സ്യക്കച്ചവടക്കാരും മേഖലയിലെ ഉപഭോക്താക്കളും എത്തുന്നു. കൂട്ടംകൂടി നിന്നാണ് ക്രയവിക്രയങ്ങൾ. പലപ്പോഴും 400വരെ ആളുകൾ ഉണ്ടാകും. ഇതിൽ കണ്ടെയ്ൻമെൻറ് മേഖലകളിൽ നിന്നുള്ളവരും ഉണ്ടാകും. രാവിലെ നാലു മുതൽ എട്ടു വരെ ഹർബർ പരിസരത്ത് റോഡിൽ വെച്ചാണ് മത്സ്യക്കച്ചവടം നടത്തുന്നത്.
അതേസമയം, ഹാർബർ മാനേജ്മെൻറ് കമ്മിറ്റി നേതൃത്വത്തിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തൊഴിലാളികൾ പണിക്കു പോകുന്നതിനു മുമ്പ് അനുമതി വാങ്ങണം. രണ്ടു ഭാഗമായി തിരിച്ച് ഇടവിട്ട് മത്സ്യബന്ധനം നടത്താനാണ് അനുമതി. ഇതു ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ ഹാർബർ പലതവണ അടച്ചിരുന്നു.
മീൻ വാങ്ങി വിൽപന നടത്തുന്നവർക്ക് ഹാർബറിന് അകത്തേക്ക് പാസ് മുഖേനയാണ് പ്രവേശനം. ഉപഭോക്താക്കളെ കടത്തിവിടാറുമില്ല. എന്നാൽ ഹാർബർ പരിസരത്ത് ഇതൊന്നും ബാധകമല്ല. കോവിഡുമായി ബന്ധപ്പെട്ട് മുമ്പ് ഹാർബർ അടച്ചിടേണ്ടി വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.