യുവതിയുടെ ജീവൻ കവർന്നത് ഓൺലൈൻ ചൂതാട്ടം; ബിജിഷ നടത്തിയത് ഒന്നേമുക്കാൽ കോടിയുടെ ഇടപാടുകൾ
text_fieldsകൊയിലാണ്ടി: യുവതി ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ ചൂതുകളിയെന്നു കണ്ടെത്തൽ. ചേലിയ മലയിൽ ബിജിഷ (31) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചൂതുകളിയിലൂടെ ലക്ഷങ്ങൾ നഷ്ടമായ കാര്യം വ്യക്തമായത്. കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ബിജിഷ 2021 ഡിസംബർ 11നാണ് ആത്മഹത്യ ചെയ്തത്.
ഒന്നേമുക്കാൽ കോടിയുടെ കൊടുക്കൽ വാങ്ങലുകൾ ബാങ്കുകളിലൂടെ ബിജിഷ നടത്തിയിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പുറപ്പെട്ട ഇവർ പെട്ടെന്നു തിരിച്ചുവന്ന് കുളിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണ കാരണമെന്താണെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും വ്യക്തതയുണ്ടായിരുന്നില്ല.
പരാതിയെ തുടർന്ന് ലോക്കൽ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് ഫെബ്രുവരിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അധ്യാപക ബിരുദധാരിയാണ് ബിജിഷ. വീട്ടുകാർ വിവാഹ ആവശ്യത്തിനു കരുതിയ 30 പവൻ സ്വർണാഭരണങ്ങൾ ബാങ്കിൽ പണയം വെച്ചിരുന്നു. പിന്നീട് ഇവ വിറ്റതായി കരുതുന്നു. പലരിൽ നിന്നും പണം കടം വാങ്ങി ചൂതുകളിയിൽ ഏർപ്പെടുകയായിരുന്നു. ഒരാളിൽനിന്ന് വാങ്ങിയ പണം തിരിച്ചു നൽകാൻ മറ്റ് ആളുകളിൽനിന്ന് വീണ്ടും വാങ്ങുകയാണ് ചെയ്തിരുന്നത്.
എന്നാൽ, മരണശേഷം പണം നൽകാനുണ്ടെന്നു പറഞ്ഞ് പരാതിയുമായി ആരും പൊലീസിനെ സമീപിച്ചിട്ടില്ല. ഓൺലൈൻ പണമിടപാടുകാരിൽനിന്നും ബിജിഷ പണം വാങ്ങിയിട്ടുണ്ട്. ഇങ്ങനെ വാങ്ങിയ പണവും ചൂതുകളിക്കായി ഉപയോഗിച്ചിരിക്കാമെന്നാണ് കരുതുന്നത്.
കളികളിൽ ആദ്യം ചെറിയ വിജയങ്ങൾ നേടാൻ കഴിഞ്ഞെങ്കിലും പിന്നീട് വൻതുകകൾ നഷ്ടമായി. പണം തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോൾ ഇവർ ബിജിഷയെ മോശമായി ചിത്രീകരിച്ച് സന്ദേശങ്ങൾ കൈമാറിയതായി പറയുന്നു. യു.പി.ഐ ആപ് വഴിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒരു സുഹൃത്തിന് ലക്ഷത്തോളം രൂപ നൽകാനുണ്ടെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.