ഇഴയടുപ്പത്തിന്റെ ശതാബ്ദിയിലേക്ക്
text_fieldsകൊയിലാണ്ടി: ഉപഭോക്താവിന്റെ മനസ്സിലെ ഇഴയടുപ്പം കാത്തുസൂക്ഷിച്ച് നൂറ്റാണ്ടിലേക്ക് മുന്നേറുകയാണ് പന്തലായനി നെയ്ത്ത് സഹകരണ സംഘം. 1925ലാണ് രൂപംകൊണ്ടത് 1926ൽ പ്രവർത്തനം തുടങ്ങി. ദാരിദ്ര്യവും പട്ടിണിയും നടമാടിയ കാലത്ത് നിരവധി കുടുംബങ്ങളെ ഊട്ടി ഉടുപ്പിച്ചു ഈ സ്ഥാപനം. നഗരത്തിൽ ബീച്ച് റോഡിൽ ഒരു ഏക്കർ സ്ഥലത്താണ് മുഖ്യ സ്ഥാപനം പ്രവർത്തിക്കുന്നത്. തിരുവങ്ങൂർ, പൂക്കാട്, കൊരയങ്ങാട്, മാരാമുറ്റം, വെള്ളറക്കാട്, ആച്ചേരി, വെളിയണ്ണൂർ, നടുവത്തൂർ പ്രദേശങ്ങൾ സംഘത്തിനു കീഴിൽ വരുന്നു. ഇക്കാലത്തിനിടക്ക് കയറ്റവും ഇറക്കവുമൊക്കെ സ്ഥാപനത്തിനുണ്ടായി. പ്രതിസന്ധികൾക്കിടയിലും തളരാതെ പിടിച്ചുനിന്നു.
കൈത്തറി മേഖലയിൽ സുപ്രധാന സ്ഥാനമുണ്ട് പന്തലായനി നെയ്ത്ത് സഹകരണ സംഘത്തിന്. കേൾവികേട്ടതായിരുന്നു ഇവരുടെ ഉൽപന്നങ്ങൾ. 1970നും 1980നും ഇടക്ക് ഇവരുടെ വസന്തകാലമായിരുന്നു. ക്രൈപ് തുണികൾ ഉൾപ്പെടെ കടൽ കടന്നു. വിദേശങ്ങളിൽ ഏറെ ആവശ്യക്കാരുണ്ടായി ക്രൈപ് തുണികൾക്ക്. തൊഴിൽ ലഭ്യത വർധിച്ചു. മറ്റു തൊഴിൽ മേഖലയിൽനിന്ന് ധാരാളം പേർ നെയ്ത്തിലേക്ക് കടന്നുവന്നു. ക്രൈപ് യുഗം അവസാനിച്ചതോടെ മങ്ങൽ വന്നു. ബെഡ്ഷീറ്റ്, ഇരട്ട-ഒറ്റ മുണ്ടുകൾ, കളർ മുണ്ട്, സെറ്റ് മുണ്ട്, വേഷ്ടി, ടൗവൽ, തോർത്ത്, ഷർട്ട് തുണി, പ്രിന്റഡ് മുണ്ട് എന്നിവയാണ് പ്രധാനമായും ഉൽപാദിപ്പിച്ചിരുന്നത്.
പിന്നീട് ഉൽപാദനത്തിൽ കുറവു വന്നു. ആദ്യ കാലത്ത് 700ഓളം പേർ തൊഴിൽ ചെയ്തിരുന്നു. മറ്റു മേഖലകളേക്കാൾ കൂലി കുറവായതിനാൽ പലരും രംഗം വിട്ടു. പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നുവരുന്നില്ല. ഇപ്പോൾ 35 പേരാണ് സ്ഥാപനത്തിനു കീഴിൽ ജോലി ചെയ്യുന്നത്. നഗരത്തിൽ അഞ്ച് കടമുറികളുണ്ട്. കൊയിലാണ്ടി, കൽപറ്റ, നിലമ്പൂർ എന്നിവിടങ്ങളിൽ ഡിപ്പോകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.