പിഷാരികാവ് ഉത്സവം: സുരക്ഷ ശക്തമാക്കും; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം
text_fieldsകൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പ്രധാന ഉത്സവ പരിപാടികൾ നടക്കുന്ന ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കുമെന്ന് സി.ഐ എൻ. സുനിൽകുമാർ അറിയിച്ചു.
ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വടകര ഡിവൈ.എസ്.പി അബ്ദുൽ ഷെരീഫിനാണ് സുരക്ഷ ചുമതല. റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ് കൊയിലാണ്ടിയിൽ ക്യാമ്പ് ചെയ്ത് കാര്യങ്ങൾ നിരീക്ഷിക്കും. 50 നിരീക്ഷണ കാമറകൾ സ്ഥാപിക്കും. കൂടാതെ കാവിൽ വാച്ച് ടവറുകളുമുണ്ടാകും.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയപാതയിൽ ഉച്ച 12 മുതൽ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. വടകര ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി -പേരാമ്പ്ര -ഉള്ള്യേരി വഴി കോഴിക്കോടേക്കു പോകണം. വലിയ ചരക്കുവാഹനങ്ങൾ മൂരാട് പാലത്തിനു മുമ്പുള്ള ഒഴിഞ്ഞ ഭാഗങ്ങളിൽ നിർത്തിയിടണം. വടകര-കൊയിലാണ്ടി ബസുകൾ കൊല്ലം ചിറ ഭാഗത്തു നിർത്തി ആളെ ഇറക്കി പോകണം.
കോഴിക്കോടുനിന്ന് വടകര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പൂളാടിക്കുന്ന്-ഉള്ള്യേരി-പേരാമ്പ്ര വഴി പോകണം. കോഴിക്കോടുനിന്നു വരുന്ന വലിയ ചരക്കുവാഹനങ്ങൾ വെങ്ങളം പൂളാടിക്കുന്ന് ബൈപാസിലെ ഒഴിഞ്ഞഭാഗത്തു നിർത്തിയിടണമെന്നും പൊലീസ് അറിയിച്ചു. ഗതാഗത ചുമതല ട്രാഫിക് എസ്.ഐ വി.എം. ശശിധരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.