ആനപ്പാറ ക്വാറിക്കെതിരെ സമരം ശക്തം; സ്ത്രീകൾ ലോറി തടഞ്ഞു
text_fieldsകൊയിലാണ്ടി: കീഴരിയൂർ ആനപ്പാറ ക്വാറിക്കെതിരെയുള്ള സമരം തുടരുന്നു. ശനിയാഴ്ച മെറ്റൽ കയറ്റാനെത്തിയ ലോറി സമരരംഗത്തെ സ്ത്രീകൾ തടഞ്ഞു. ഇരുപത്തഞ്ചാം ദിവസത്തേക്കു കടന്ന ക്വാറിവിരുദ്ധ സമരത്തിനു പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ സമരപ്പന്തലിൽ എത്തി.
കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, ഇ. അശോകൻ, ബ്ലോക്ക് പ്രസിഡൻറ് കെ.പി. വേണുഗോപാൽ, മണ്ഡലം പ്രസിഡൻറ് ഇടത്തിൽ ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ക്വാറിയിലെത്തിയത്. പൊലീസുമായി ഇവർ സംസാരിച്ചതിനെ തുടർന്ന് കലക്ടർ, ആർ.ഡി.ഒ തലത്തിൽ യോഗം ചേർന്ന ശേഷം മാത്രമേ ക്വാറി പ്രവർത്തനം തുടരുകയുള്ളൂ എന്ന ധാരണയിൽ ലോറി തിരിച്ചയച്ചു.
ജനജീവിതത്തിനു ഭീഷണിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നും ജനവാസകേന്ദ്രത്തിൽ ക്വാറിക്ക് അനുമതി ലഭിച്ചതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ ആവശ്യപ്പെട്ടു. അദ്ദേഹം സമരപ്പന്തൽ സന്ദർശിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ, സന്തോഷ് കാളിയത്ത്, സുരേഷ് കണ്ടോത്ത്, പ്രദീപൻ കണ്ണമ്പത്ത് എന്നിവരും കൂടെയുണ്ടായിരുന്നു.
'ക്വാറി പ്രവർത്തിക്കുന്നത് അനുമതിയോടെ'
കൊയിലാണ്ടി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആനപ്പാറയിലെ നടുവത്തൂര്‍ സ്റ്റോണ്‍ ക്രഷറും ക്വാറിയുമെന്ന് പാര്‍ട്ണര്‍ അബ്ദുൽ ലത്തീഫ് (ബാവ) വാർത്താ കുറിപ്പിൽ അറിയിച്ചു. നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറുകയാണ്. ക്വാറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ ഹൈകോടതിയില്‍നിന്ന് 2020 ഡിസംബര്‍ 21ന് പൊലീസ് സംരക്ഷണം അനുവദിച്ച് ഉത്തരവ് ലഭിച്ചതാണ്. ക്വാറിക്കെതിരെ വരുന്ന വാര്‍ത്തകള്‍ പലതും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണജനകവുമാണ്. 2006ലാണ് ക്വാറി ഇപ്പോഴത്തെ മാനേജ്മെൻറിന് കൈമാറിയത്. ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറി കൂടാതെ രണ്ടെണ്ണം കൂടി മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഈ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ക്രഷര്‍ മാനേജ്മെൻറ് ആ സ്ഥലം കൂടി വിലയ്ക്ക് വാങ്ങിയിരുന്നു. ഇപ്പോള്‍ അവ പ്രവര്‍ത്തിക്കുന്നില്ല –അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.