റെയിൽവേ മേൽപാല ഗോവണി പുനർനിർമിക്കണം
text_fieldsകൊയിലാണ്ടി: റെയില്‍വേ മേൽപാലത്തോടനുബന്ധിച്ച് നിർമിച്ച ഗോവണിയിലൂടെയുള്ള സഞ്ചാരം യാത്രക്കാർക്ക് ദുരിതമായി. മേൽപാലത്തില് നടപ്പാതയില്ലാത്ത പ്രശ്നം പരിഹരിക്കാനാണ് ഇതിനോട് ചേര്‍ന്ന് വളഞ്ഞും തിരിഞ്ഞുമുള്ള ഗോവണി റെയിൽവേ അധികൃതർ സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു.
എന്നാല്‍, ഈ കോണിപ്പടിയിലൂടെ കയറി റെയില്‍വേ പാളം മുറിച്ചുകടക്കാന്‍ യാത്രക്കാര്‍ ഭയക്കുകയാണ്. കോണിപ്പടികള്‍ കാഴ്ച മറയ്ക്കുന്ന രൂപത്തിൽ നിർമിച്ചതിനാല് മിക്കപ്പോഴും മദ്യപരും ലഹരി ഉപയോഗിക്കുന്നവരും ഇവിടെയാണ് സങ്കേതമാക്കുന്നത്. ഇതിനിടയിലൂടെ മറ്റൊരാള്‍ക്കും കയറി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഗ്ലാസും പൊട്ടിച്ചിട്ട കുപ്പികളുമാണ് കോണിപ്പടിയിലാകെ. ഉപേക്ഷിച്ച സിറിഞ്ചുകള്‍, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയെല്ലാം ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
ഇതോടൊപ്പം അന്യദേശത്തുനിന്ന് എത്തുന്ന അപരിചിതരും യാത്രക്കാരെ ഭീതിപ്പെടുത്തുന്നു. വളവും തിരിവുമുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയരഹിതമായും സുഗമമായും സഞ്ചരിക്കാന്‍ പാകത്തില്‍ രൂപകല്പന ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രദേശവാസികള്‍ റെയില്‍വേ പാത മുറിച്ചുകടക്കുന്നിടത്തെല്ലാം സുരക്ഷയുടെ ഭാഗമായി റെയില്‍വേ അധികൃതര്‍ കുറ്റിയടിച്ചു വഴി തടസ്സപ്പെടുത്തുകയാണ്.
ഇതുകാരണം ട്രെയിൻ യാത്രക്കാർ കടുത്ത പ്രയാസത്തിലാണ്.
ഈ സാഹചര്യത്തിലാണ് റെയില്‍വേ മേൽപാലത്തോട് ചേര്‍ന്ന് അശാസ്ത്രീയമായി നിർമിച്ച മേൽപാലത്തിന്റെ ഗോവണിപ്പടികള്‍ പുനര്‍നിർമിക്കണമെന്ന ആവശ്യമുയരുന്നത്.
ഇക്കാര്യത്തില്‍ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രഭാത് റെസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.കെ. മോഹനന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ജയദേവന്, കെ.വി. അശോകന്, എം.എം. ശ്രീധരന്, എം. അമൂല്യന്, പി.വി. പുഷ്പവല്ലി, അഡ്വ. വി.ടി. അബ്ദുറഹിമാന്, സഹദേവന് പിടിക്കുനി, എസ്.കെ. ശശി, സി.കെ. ഗിരീശന് തുടങ്ങിയവര്‍ സംസാരിച്ചു. ഇതുസംബന്ധിച്ച് ഷാഫി പറമ്പില്‍ എം.പി, കാനത്തില്‍ ജമീല എം.എല്‍.എ, നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ക്ക് നിവേദനം നല്കാൻ ഒരുങ്ങുകയാണ് ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.