റെയിൽപാളങ്ങളിൽ പൊന്തക്കാടുകൾ ക്ഷുദ്രജീവികൾ പെരുകുന്നു
text_fieldsകൊയിലാണ്ടി: റെയിൽപാളങ്ങളുടെ വശങ്ങളിൽ കാടൊന്നുമില്ലാത്ത കാലമുണ്ടായിരുന്നു. ജീവനക്കാരെ ഉപയോഗിച്ച് കൃത്യസമയത്ത് കളനശിപ്പിച്ചിരുന്നതിൽനിന്ന് റെയിൽവേ പിന്നാക്കം പോയതോടെ പൊന്തക്കാടുകളുടെ മേഖലയായി റെയിൽപാള വശങ്ങൾ മാറി.
ഇതോടെ ക്ഷുദ്രജീവികളുടെ ആവാസകേന്ദ്രമായി ഇവിടം മാറി. അനുകൂല സാഹചര്യത്തിൽ മുള്ളൻപന്നി, ഉടുമ്പ്, കീരി, പെരുച്ചാഴി എന്നിവ ദിനംപ്രതി പെരുകുകയാണ്. ഇത് കനത്ത ഭീഷണിയാണ് റെയിൽവേക്കും ജനത്തിനും വരുത്തിവെക്കുന്നത്.
ഉടുമ്പും മുള്ളൻപന്നിയുമൊക്കെ വലിയ കുഴി രൂപപ്പെടുത്തുന്നത് റെയിൽവേയുടെ സുരക്ഷിതത്തെ ബാധിച്ചേക്കും. കഴിഞ്ഞ ദിവസം രാത്രി ചെങ്ങോട്ടുകാവ് റെയിൽവേ മേൽപാലത്തിനുസമീപം പാളത്തിൽ അരമീറ്റർ താഴ്ചയുള്ള കുഴി രൂപപ്പെടുത്തിയിരുന്നു. മുള്ളൻപന്നി കുഴിച്ചതാണെന്നാണ് നിഗമനം. ഈ വഴി വന്നവരുടെ ശ്രദ്ധയിൽപെട്ടപ്പോൾ അധികൃതരെ അറിയിക്കുകയായിരുന്നു. യാത്രക്കാർക്കും റെയിൽവേക്കും ഇതു വിനയായി.
രണ്ട് ട്രെയിനുകൾ ഏറെനേരം സ്റ്റേഷനിൽ നിർത്തിയിടേണ്ടിവന്നു. ഏതാനും മാസം മുമ്പും മേഖലയിൽ വൻ കുഴി കാണപ്പെട്ടിരുന്നു. കർഷകർക്ക് വൻ നഷ്ടമാണ് ഇവ വരുത്തുന്നത്. സമീപ പ്രദേശങ്ങളിലെല്ലാം ക്ഷുദ്രജീവിശല്യം വ്യാപകമാണ്.
ഒന്നും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. കപ്പ, കൂവ, പപ്പായ, വാഴ, തെങ്ങിൻതൈ എന്നിവ നശിപ്പിക്കുന്നു. ഒരുപറമ്പിലെ 60 തെങ്ങിൻ തൈകളാണ് കഴിഞ്ഞ ദിവസം മുള്ളൻപന്നി നശിപ്പിച്ചത്. കീരി, ഉടുമ്പ് എന്നിവയുടെ ശല്യം കാരണം കോഴി, താറാവ് എന്നിവയെ വളർത്താൻ പറ്റാത്ത സ്ഥിതിയാണെന്ന് പരിസരവാസികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.