ദേശീയപാതയിൽ വാഹനാപകടം പതിവാകുന്നു
text_fieldsകൊയിലാണ്ടി: ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നതിൽ ആശങ്ക. ദേശീയപാതയുടെ ഭാഗമായ് റോഡ് വികസിപ്പിക്കുന്ന വെങ്ങളത്തിനും പയ്യോളിക്കുമിടയിലാണ് അപകടം വർധിക്കുന്നത്. ബൈപാസ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി എൻ.എച്ചിനോട് ചേർന്നുകിടക്കുന്ന സ്ഥലത്ത് ഉചിതമായ രീതിയിൽ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ, ഭാരം കയറ്റിവരുന്ന ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്.
മിക്കയിടത്തും ടൺ കണക്കിന് ഭാരമുള്ള സിമന്റ് ഡിവൈഡറുകൾ വെച്ചാണ് റോഡ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. റോഡിന് നടുവിൽ ഇത്തരം ഡിവൈഡറുകൾവെച്ച് ചെറിയ ‘ആരോ മാർക്കുകൾ’ വരച്ചുവെക്കുക മാത്രമാണ് ചെയ്യുന്നത്.
ഇതോടെ രാത്രിയിൽ ഭാരം കയറ്റിയ ലോറികൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതയിൽ ഡിവൈഡറിന്ന് അടുത്ത് എത്തുമ്പോഴാണ് ഈ ദിശാസൂചികൾ കാണുക. ഇതോടെ, വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപെടുകയാണ് പതിവ്. വാഹനങ്ങൾക്ക് ദൂരെനിന്നുതന്നെ കാണത്തക്കവിധത്തിൽ സിഗ്നലുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.
നിർമാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിനനുസരിച്ച് റോഡിൽ ഇടത്തോട്ടും വലത്തോട്ടുമായ് ദിശ മാറ്റുന്നതിനാൽ റൂട്ടിൽ മുൻപരിചയമുള്ള ഡ്രൈവർമാർപോലും അപകടത്തിൽപെടുന്നു. വാഹനങ്ങൾക്കും ചരക്കുകൾക്കും നാശമുണ്ടാവുന്നതോടൊപ്പം മനുഷ്യജീവനുകളും കുരുതികഴിക്കപ്പെടുന്നു. നേരത്തേ പൊലീസ് ട്രാഫിക് സംവിധാനം നിയന്ത്രിച്ചിരുന്ന പലസ്ഥലത്തും അത് നിർത്തലാക്കിയതുപോലെയാണ്.
പണി പൂർത്തിയാവാത്ത ബൈപാസിലേക്ക് നന്തി, മൂടാടി ഭാഗത്തുനിന്ന് കയറിവരുന്ന വാഹനങ്ങൾക്ക് വളരെ വേഗത്തിൽ സഞ്ചരിച്ച് ചെങ്ങോട്ടുകാവിൽ പണി നടക്കുന്ന മേൽപ്പാലം വരെ എത്താൻ വഴിയുണ്ട്. ഇവിടെ വാഹനം വന്നുകയറുന്ന സ്ഥലത്തും യാതൊരു ട്രാഫിക് നിയന്ത്രണവുമില്ല. റോഡ് പണി പൂർത്തിയാവുന്നതുവരെ കൂടുതൽ ട്രാഫിക് പൊലീസിനെ നിയോഗിച്ചും ഇലക്ട്രിക് സിഗ്നൽ ലൈറ്റ് ഘടിപ്പിച്ചും അപകടങ്ങൾ കുറയ്ക്കാൻ അധികൃതർ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.