കടൽ ക്ഷോഭം; കാപ്പാട്–കൊയിലാണ്ടി റോഡ് തകർന്നു
text_fieldsകൊയിലാണ്ടി: കാപ്പാട് - കൊയിലാണ്ടി റോഡ് ശക്തമായ കടൽക്ഷോഭത്തിൽ തകർന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ വശങ്ങളിലെ സംരക്ഷണ ഭിത്തി തകർന്നു റോഡിൽ കുഴി രൂപപ്പെട്ടു. കഴിഞ്ഞ പ്രളയകാലത്ത് തകർന്ന ഭാഗങ്ങൾ തന്നെയാണ് ഇപ്പോഴും കടലിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ കൊയിലാണ്ടി പഴയ മാർക്കറ്റിൽനിന്ന് കാട്ടിലപ്പീടികവരെ എത്താൻ കഴിയുന്ന റോഡിലെ യാത്ര ദുരിതമായി.
നേരത്തേ റോഡ് തകർന്നപ്പോൾ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും എം.എൽ.എ കാനത്തിൽ ജമീലയും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി റോഡിന്റെ നിർമാണം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉടൻ പൂർത്തീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
ഗോവൻ കടൽതീരത്തെ റോഡുകൾപോലെ നിർമിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ക്വാറി വേസ്റ്റ് കൊണ്ട് കുഴി നികത്തിയതല്ലാതെ രണ്ടുവർഷമായിട്ടും ഒന്നും നടന്നില്ല. കൊയിലാണ്ടി ഫിഷിങ് ഹാർബർ വന്നതോടെയാണ് ഇവിടെ തിരകൾ ശക്തമായതെന്ന് കാപ്പാട് തീരത്തെ താമസക്കാർ പറയുന്നു. ഇതൊഴിവാക്കാൻ ഇവിടെ പുലിമുട്ട് പണിയുമെന്നും അന്ന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ, തുടർ പ്രവൃത്തികൾ യാതൊന്നും ഉണ്ടായില്ലെന്നാണ് ജനം പരാതിപ്പെടുന്നത്. റോഡിൽ കുഴികൾ രൂപപ്പെട്ട സ്ഥലത്ത് പഴയ ടാർവീപ്പയിൽ റോഡ് അപകടത്തിൽ എന്ന അറിയിപ്പല്ലാതെ മറ്റൊരു മുൻകരുതലും അധികൃതർ ചെയ്തില്ല. ദേശീയപാത വികസനത്തെതുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് ഉണ്ടാവുന്ന ഗതാഗതതടസ്സം മറികടക്കുവാൻ ഈ വഴിയാണ് സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നത്.
കാര്യമറിയാതെ എത്തുന്ന ദീർഘദൂര യാത്രക്കാർ ഈ വഴി വന്നാൽ അപകടത്തിൽപെടാനും സാധ്യതയുണ്ട്. കോൺക്രീറ്റ് തൂണുകൾ കടൽതീരത്ത് നിർമിച്ച് പാലം പണിതാലേ റോഡ് ഇടിഞ്ഞു താഴുന്നത് ഒഴിവാക്കാൻ കഴിയുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.