കൊയിലാണ്ടി മോർച്ചറിയുടെ ശോച്യാവസ്ഥ പരിഹരിക്കണം
text_fieldsകൊയിലാണ്ടി: താലൂക്കാശുപത്രിയിലെ മോർച്ചറിയുടെ ശോച്യാവസ്ഥ പരിഹരിക്കാത്തത് നാട്ടുകാർക്ക് ദുരിതമാകുന്നു. നിലവിൽ ആശുപത്രി കെട്ടിടത്തിന്റെ മതിലിനു പുറത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പഴക്കം ഏറെയാണ്. ഇത് പൊളിച്ചു മാറ്റാൻ ധാരണയാവുകയും പൊതുമരാമത്ത് വകുപ്പ് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടങ്ങളിൽ ഉൾപ്പെട്ടതുമാണ്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥയും ഫ്രീസർ സംവിധാനമില്ലാത്തതും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. സ്വാഭാവിക മരണം സംഭവിച്ചാൽ തന്നെ ചിലപ്പോൾ പൊലീസ് നടപടി വൈകുമ്പോൾ മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകേണ്ട ഗതികേടാണ്.
കഴിഞ്ഞ ദിവസം ഹൃദയാഘാതംമൂലം മരിച്ച കാരായാട് സ്വദേശി രാജന്റെ മൃതശരീരം വിട്ടുനൽകാൻ പൊലീസ് നടപടിമൂലം വൈകിയപ്പോൾ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റേണ്ടിവന്നത് ഫ്രീസർ സംവിധാനമില്ലാത്തതുകൊണ്ടാണ്.
പോസ്റ്റ്മോർട്ടം നടക്കുന്ന സമയത്ത് എത്തിച്ചേരുന്ന ഉറ്റവർ പുറത്ത് വെയിലത്ത് നിൽക്കേണ്ട സാഹചര്യമാണ്. ലക്ഷക്കണക്കിന് രൂപ മോർച്ചറിയുടെ പ്രവർത്തനങ്ങൾക്കായി അനുവദിക്കാറുണ്ടങ്കിലും അയോഗ്യത പ്രഖ്യാപിച്ച കെട്ടിടത്തിന് പണം മുടക്കുന്നതിന് സാങ്കേതിക തടസ്സമുള്ളതിനാൽ നടപ്പാകാതെ പോവുന്നു.
നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി ഉചിതമായ സൗകര്യത്തോടെ മോർച്ചറി പണിയണമെന്നാണ് ജനങ്ങളുടെ ആവശ്യം. മുൻകാലത്ത് ഫ്രീസർ സൗകര്യമില്ലാതെ മൃതദേഹം സൂക്ഷിച്ചതിനാൽ ഉറുമ്പരിച്ച സംഭവം വിവിധമായിരുന്നു.
ഇവിടെ ഫ്രീസർ സംവിധാനം ഉണ്ടെങ്കിൽ ബന്ധുക്കൾക്ക് മൃതദേഹം എളുപ്പത്തിൽ കിട്ടാനും കാലതാമസമില്ലാതെ സംസ്കരിക്കാനും കഴിയും. എന്നാൽ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോൾ അടുത്ത ദിവസം ബന്ധുക്കൾ പ്രദേശത്തെ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഉദ്യോഗസ്ഥരെ കൂട്ടി കോളജിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടം ചെയ്തുകിട്ടാൻ ഉച്ചവരെ കാത്തുനിൽക്കേണ്ട അവസ്ഥയുള്ളതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.