ക്വിറ്റിന്ത്യ മന്ദിരം തുറന്നു നൽകണം
text_fieldsകൊയിലാണ്ടി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായ കീഴരിയൂർ ബോംബ് കേസിന്റെ സ്മാരകമായി നിർമിച്ച കമ്യൂണിറ്റി ഹാൾ പൊതുജനങ്ങൾക്ക് തുറന്നുനൽകണമെന്ന ആവശ്യം ശക്തമാവുന്നു. ആറു വർഷമായി അടച്ചിട്ടിരിക്കുകയാണ് ഈ സ്മാരക മന്ദിരം. ക്വിറ്റിന്ത്യാ സമരാഹ്വാനത്തെ തുടർന്ന് ഡോ. കെ.ബി. മേനോന്റെ നേതൃത്വത്തിൽ നടന്ന ബോംബ് നിർമാണത്തിൽ പങ്കെടുത്തവരുടെ സ്മരണാർഥമാണ് സ്മാരക മന്ദിരം പണിതത്.
വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് 2013ൽ നിർമിച്ചതാണ് സ്മാരക മന്ദിരം. 2018ൽ പേരാമ്പ്ര എം.എൽ.എയായിരുന്ന ടി.പി. രാമകൃഷ്ണൻ മുകൾനില പണിയുന്നതിനു വേണ്ടി 55 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ നിർമാണ പ്രവർത്തനം ആരംഭിച്ചതു മുതൽ കെട്ടിടം അടച്ചിട്ടിരിക്കുകയാണ്.
കമ്യൂണിറ്റി ഹാൾ ഒഴിവാക്കി ഇരുനിലയും മ്യൂസിയമാക്കി മാറ്റാൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് അനുകൂല വിധി കമ്യൂണിറ്റിഹാളിനു വേണ്ടി ഉണ്ടായെങ്കിലും ആറു വർഷമായി കെട്ടിടം അടച്ചുപൂട്ടിയിരിക്കുകയാണ്. ഏതാണ്ട് ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച സ്മാരക മന്ദിരം അടിയന്തരമായി ജനങ്ങൾക്കു തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക മന്ദിരത്തിനു മുന്നിൽ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.