കുടികിടപ്പ് പട്ടയരേഖ എവിടെയും കാണാനില്ല, നഷ്ടപരിഹാരം ലഭിക്കാതെ കുടുംബം
text_fieldsകൊയിലാണ്ടി: പട്ടയരേഖ നഷ്ടമായതിനെ തുടർന്ന് ദേശീയപാത വികസനത്തിന് സ്ഥലം നൽകിയതിന്‍റെ പ്രതിഫലം ലഭിക്കാതെ കുടുംബം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ഒടിയിൽക്കുനിയിൽ താമസിക്കുന്ന ലീലയുടെ കുടുംബമാണ് ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ സ്തംഭരായി നിൽക്കുന്നത്.
ഏഴു സെന്‍റ് സ്ഥലത്ത് കൊച്ചു കുടിലിലായിരുന്നു ഇവരുടെ താമസം. ഇവരുടെ മാതാവ് തെയ്യത്തിരക്ക് 1970-കളിൽ പൊയിൽക്കാവ് ചേകപ്പള്ളിക്കാരിൽ നിന്നു കുടികിടപ്പ് ലഭിച്ചതാണ് സ്ഥലം. ഇതിന്‍റെ കുടികിടപ്പ് പട്ടയമാണ് നഷ്ടമായത്. വർഷങ്ങൾക്ക് മുമ്പ് പട്ടികജാതിക്കാർക്കുള്ള പദ്ധതിയിൽ വീടിനു വേണ്ടി ലോൺ എടുക്കാൻ ചേമഞ്ചേരി പഞ്ചായത്തിൽ നൽകിയതാണ് പട്ടയം. അവിടെ റെക്കോർഡുകൾ സൂക്ഷിച്ച മുറിയിൽ ഉണ്ടായ തീപിടുത്തത്തിൽ നശിച്ചതാണെന്ന് പറയുന്നു.
അമ്മാവനായിരുന്നു ലോൺ എടുത്തത്. അദ്ദേഹം ജീവിച്ചിരിപ്പില്ല. 20 വർഷം മുമ്പ് തെയ്യത്തിരയും മരിച്ചു. അഞ്ചു മക്കളാണ് തെയ്യത്തിരക്ക്. ഇളയ മകൾ ലീലയും കൂലിവേലക്കാരായ രണ്ടു മക്കളുമാണ് ഇവിടെ താമസം. ലീലയും ബന്ധുക്കളും നിരവധി തവണ പട്ടയത്തിനായി പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പന്തലായനി ലാൻഡ് ട്രൈബ്യൂണലും കല്ലാച്ചി ലാൻഡ് ട്രൈബ്യൂണിലും പരാതി നൽകിയിട്ടുണ്ട്.
പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ലഭിച്ചില്ല. ആകെ പ്രയാസത്തിലാണ് കുടുംബം. കയറിക്കിടക്കാൻ മറ്റ് സ്ഥലങ്ങളില്ല. ദേശീയപാതക്കു വേണ്ടി അക്വയർ ചെയ്തതോടെ പൊയിൽക്കാവിലെ വാടക വീട്ടിലേക്കു താമസം മാറ്റിയിരിക്കയാണ് ഇവർ. ഏറ്റെടുക്കുന്ന സ്ഥലത്തിന് 30 ലക്ഷത്തോളമാണ് അധികൃതർ വിലയിട്ടിരിക്കുന്നത്. ഇതു ലഭിക്കാൻ കുടികിടപ്പ് പട്ടയം ഹാജരാക്കണം. ഇതിന് അനുവദിച്ച സമയം കഴിഞ്ഞു.
സ്ഥലം പിടിച്ചെടുക്കുമെന്ന അറിയിപ്പും വന്നു കഴിഞ്ഞു. ഈ സ്ഥലത്തോടൊപ്പം അക്വയർ ചെയ്ത സ്ഥലങ്ങളുടെ നഷ്ടപരിഹരമൊക്കെ പലർക്കും കിട്ടിക്കഴിഞ്ഞു. സ്ഥലവുമായി ബന്ധപ്പെട്ട് ലീലയുടെ കൈവശമുള്ളത് 1984-85 വർഷം നികുതി അടച്ചതിന്‍റെ രശീത് മാത്രമാണ്. ഇതു കൊണ്ടു പ്രയോജനമില്ല. ഇവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ സർക്കാറിന്‍റെ ഇടപെടൽ ആവശ്യമാണ്. ആ പ്രതീക്ഷയിലാണ് കുടുംബം മുന്നോട്ടു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.