കൊയിലാണ്ടി ഗവ. പ്രീ പ്രൈമറി സ്കൂളിനോട് അധികൃതർക്ക് അയിത്തം; കാൽനൂറ്റാണ്ടിനിടെ അനുവദിച്ചത് ഒരുലക്ഷം രൂപ മാത്രം!
text_fieldsകൊയിലാണ്ടി: കൊച്ചുകുട്ടികളുടെ പഠനത്തിനു മാത്രമായി സ്ഥാപിച്ച കൊയിലാണ്ടി ഗവ. പ്രീപ്രൈമറി സ്കൂളിന് ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കാൽ നൂറ്റാണ്ടിനിടെ അനുവദിച്ചത് ഒരുലക്ഷം രൂപ മാത്രം! കൊയിലാണ്ടി മേഖലയിൽ മാത്രം മറ്റു സ്കൂളുകളുടെ വികസനത്തിന് കോടിക്കണക്കിനു രൂപ ഒഴുക്കിയപ്പോഴാണ് കൊച്ചുകുട്ടികളോട് ഈ വിവേചനം.
വിദ്യാഭ്യാസ വകുപ്പിനുകീഴിൽ സംസ്ഥാനത്ത് വളരെ കുറഞ്ഞ പ്രീപ്രൈമറി സ്കൂളുകളാണ് ഉള്ളത്. അതിലൊന്നാണിത്. എന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ നാശത്തിന്റെ വക്കിലാണ് ഈ സ്കൂൾ. നഗരസഭ, എം.എൽ.എ, എം.പി ഫണ്ടുകളിൽനിന്ന് ഒരു നയാപൈസ പോലും സ്കൂളിന് നൽകിയില്ല. മാധ്യമം വാർത്ത നൽകുന്നതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ശ്രദ്ധയുമുണ്ടായില്ല. പലരും ഈ സ്കൂളിനെ അറിഞ്ഞത് അപ്പോൾ മാത്രമാണ്.
1960 കളിലാണ് സ്കൂൾ സ്ഥാപിതമായത്. 50 വർഷത്തോളമായി നിലവിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ജീർണാവസ്ഥയിലാണ് ഈ കെട്ടിടം.
പ്രീ-പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്ന അതേ വളപ്പിലെ ഗവ.ഗേൾസ് ഹയർ സെക്കൻഡറിക്ക് ലൈബ്രറി, ലാബ് എന്നിവക്ക് ഒരു കോടിയുടെ കെട്ടിടമാണ് ഈയിടെ പണിതത്. കോവിഡ് കാലത്തായിരുന്നു ഇതിന്റെ നിർമാണം. ജോലിക്കുവന്ന അന്തർസംസ്ഥാന തൊഴിലാളികൾ അടുക്കളയായി ഉപയോഗിച്ചത് പ്രീ-പ്രൈമറി സ്കൂളിന്റെ ശുചിമുറിയായിരുന്നു. സ്കൂൾ തുറന്നപ്പോൾ കുട്ടികൾക്ക് ശുചിമുറി ഉപയോഗിക്കാൻ പറ്റാതായി. രക്ഷിതാക്കൾ പിരിവെടുത്താണ് നവീകരണത്തിന് പണം സ്വരൂപിച്ചത്.
സ്കൂൾ കെട്ടിടത്തിന്റെ പട്ടികയും ഓടുകളും പലയിടത്തും തകർന്നു കിടക്കുകയാണ്. ഇതിനും പിരിവെടുക്കേണ്ട അവസ്ഥയാണ്.
2011-12 വർഷത്തിലാണ് എസ്.എസ്.എ ഫണ്ടിൽ നിന്ന് ഒരുലക്ഷം അനുവദിച്ചത്. ആ പണം ഉപയോഗിച്ച് സ്കൂൾ വൈദ്യുതീകരിച്ചു. ക്ലാസ് മുറികൾ ടൈൽ ചെയ്തു. ഫാനുകൾ സ്ഥാപിച്ചു. കളിക്കോപ്പുകൾ വാങ്ങി. ഇതോടെ തീർന്നു വികസനം. ഇപ്പോൾ അതിൽ പലതും ഉപയോഗശൂന്യമായി. ചുമരിലെ പെയിന്റിങ്ങുകളെല്ലാം നിറം മങ്ങി.
ആവശ്യങ്ങൾക്കുമുന്നിൽ അധികൃതർ കേട്ടില്ലെന്നു നടിച്ചു. കാൽ നൂറ്റാണ്ടിനിടയിൽ നവീകരണത്തിന് ഒരുലക്ഷം രൂപ മാത്രം ലഭിച്ചത് സംസ്ഥാനത്ത് ഈ സ്കൂളിന് മാത്രമായിരിക്കും. സ്കൂളിന്റെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് ഉപജില്ല വിദ്യാഭ്യാസ ഓഫിസറാണ്.
സ്കൂളിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്നാണ് എ.ഇ.ഒ ഓഫിസിൽനിന്ന് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.