വികസനം കാത്ത് വടകര പഴയ സ്റ്റാൻഡ്
text_fieldsവടകര: നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വടകര പഴയ സ്റ്റാൻഡ് പരാധീനതകൾക്കു നടുവിൽ. യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചുകിടക്കുകയാണ്.പല ഭാഗങ്ങളിലുമുള്ള കോൺക്രീറ്റ് തകർന്നുവീഴാൻ തുടങ്ങിയിട്ടുണ്ട്. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നവർക്ക് ആവശ്യത്തിന് ഇരിപ്പിടംപോലുമില്ല.പുതിയ സ്റ്റാൻഡ് നിലവിൽവന്നതോടെ പഴയ സ്റ്റാൻഡ് പാടെ അവഗണിക്കപ്പെട്ടു. ദീർഘദൂര ബസുകളും മലയോരത്തേക്കുള്ള ബസുകളും പുതിയ സ്റ്റാൻഡിലേക്ക് മാറ്റി. ലിങ്ക് റോഡ് നിലവിൽവന്നതോടെ പയ്യോളി, കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകൾ ലിങ്ക് റോഡിലേക്കും മാറ്റി. ഇതോടെ പഴയ സ്റ്റാൻഡിൽനിന്ന് സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം കുറയുകയും പഴയ പ്രതാപം ഇല്ലാതാവുകയും ചെയ്തു.
മണിയൂർ, തണ്ണീർപന്തൽ, ആയഞ്ചേരി, തിരുവള്ളൂർ, പേരാമ്പ്ര ഭാഗങ്ങളിലേക്കാണ് പ്രധാനമായും പഴയ സ്റ്റാൻഡിൽനിന്ന് ബസുകൾ സർവിസ് നടത്തുന്നത്. സ്റ്റാൻഡിലെ ട്രാഫിക് പൊലീസ് എയ്ഡ് പോസ്റ്റിന്റെ സ്ഥിതിയും പരിതാപകരമാണ്. എയ്ഡ് പോസ്റ്റിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് തകർന്നു വീഴുന്നത് അപകട ഭീഷണിയുയർത്തുന്നു. കാലവർഷത്തിൽ സ്റ്റാൻഡിനകത്ത് യാത്രക്കാരുടെ തിരക്കിൽ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയാണ്. സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടങ്ങളിലേക്കുളള പാലങ്ങൾ തകർച്ച ഭീഷണിയിലാണ്. നേരത്തേ പാലം തകർന്നെങ്കിലും യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഈ ഭാഗത്ത് അപകടം ചൂണ്ടിക്കാട്ടി കയർ കെട്ടിയിരുന്നെങ്കിലും അഴിച്ചുമാറ്റുകയുണ്ടായി. ആധുനിക സൗകര്യങ്ങളോടെ ബസ് സ്റ്റാൻഡ് പുതുക്കിപ്പണിതാൽ യാത്രക്കാർക്ക് ഗുണകരമാവുന്നതോടൊപ്പം നഗരസഭക്ക് മുതൽക്കൂട്ടുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.