പിഷാരികാവിൽ ഇന്ന് വലിയ വിളക്ക്
text_fieldsകൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ആവേശപ്പൂരത്തിലാണ്. കടുത്ത ചൂടിലും ജനനിബിഡമാണ് കാവും പരിസരങ്ങളും. ഒഴുകിയെത്തുകയാണ് ഭക്തജനക്കൂട്ടങ്ങൾ. ഇനിയുള്ള രണ്ടു നാളുകൾ ആഘോഷത്തിമർപ്പിന്റെ രാപ്പകലുകൾ. തിങ്കളാഴ്ച വലിയ വിളക്ക്.
വൈവിധ്യത്തിന്റെ ദൃശ്യപ്പെരുമയിൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകുന്ന ഉത്സവക്കാഴ്ച. രാവിലെ മന്ദമംഗലത്തുനിന്നുള്ള ഇളനീർക്കുല വരവ്, വസൂരി മാല വരവ് എന്നിവ നടക്കും. വൈകീട്ട് മൂന്നു മുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇളനീർക്കുല വരവുകൾ, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ്, മറ്റ് അവകാശ വരവുകൾ എന്നിവ ക്ഷേത്രത്തിൽ എത്തും.
രാത്രി 11ന് ശേഷം പുറത്തെഴുന്നള്ളിപ്പ്. സ്വർണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം ഗജവീരന്മാരുടെ അകമ്പടിയോടെ പ്രഗല്ഭരായ വാദ്യകലാകാരന്മാരുടെ വാദ്യമേള സംഗീതധ്വനിയോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലർച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാളകം കൂടും.
ഞായറാഴ്ച ചെറിയ വിളക്കു ദിവസം രാവിലെ ശീവേലിക്കുശേഷം വണ്ണാന്റെ അവകാശ വരവ്, കോമത്ത് പോക്ക്, വൈകീട്ട് പാണ്ടിമേളത്തോടുകൂടിയുള്ള കാഴ്ചശീവേലി എന്നിവ നടന്നു. രാത്രി ഗാനമേള അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.