വെളിയണ്ണൂർ ചല്ലിയിൽ പാടശേഖരം നശിക്കുന്നു
text_fieldsകൊയിലാണ്ടി: വെളിയണ്ണൂർ ചല്ലിയിൽ ഫാം ടൂറിസം ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതിന് ഒരു പ്രതികരണവുമില്ല. പഴയകാല താലൂക്കായ കുറുമ്പ്രനാടിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പാടശേഖരത്തിന് 300 ഏക്കറിലധികം വിസ്തീർണമുണ്ട്. ചെറോൽ പുഴ, മുതുവോട്ട് പുഴ, നായടൻ പുഴ എന്നിവയയുമായി ചല്ലിയുടെ കൈവഴികൾക്ക് ബന്ധവുമുണ്ട്.
വിവിധ ഇനം നെൽവിത്തുകൾ കൃഷി ചെയ്തിരുന്ന ഈ പാടശേഖരം ഇപ്പോൾ പുല്ലും കാടും പിടിച്ചു കിടക്കുകയാണ്. സർക്കാർ പല ഘട്ടത്തിലായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ഇവിടെ വൻതുക മുടക്കാറുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ നിലവിൽ ഇവിടെ കൃഷി നടത്തിയിരുന്ന കർഷകരെ ഇതുമായി ബന്ധിപ്പിക്കാറില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ജില്ല പഞ്ചായത്ത് കൃഷി വികസന വകുപ്പ് എന്നിവയിൽനിന്നുള്ള ഫണ്ടായിരുന്നു ഇവിടെ പ്രധാനമായും ചെലവഴിച്ചത്.
പലതും പാതിവഴിയിൽ നിലച്ചു. അരിക്കുളം, നടുവണ്ണൂർ, കൊയിലാണ്ടി മുനിസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്ന ഈ കൃഷിഭൂമിയെ വീണ്ടെടുക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാൻ ഔദ്യോഗിക ഏജൻസികൾ ഒന്നും തയാറായിട്ടുമില്ല. മൺസൂൺ കാലത്ത് മഴവെള്ളവും വേനൽക്കാലത്ത് കുറ്റ്യാടി ഇറിഗേഷൻ കനാലിൽനിന്ന് വെള്ളമെത്തുന്ന ഇവിടെ ഏകമായ പദ്ധതികൾ സാധ്യമല്ലെന്ന് വെളിയണ്ണൂർ ചല്ലിയെ അടുത്തറിയുന്ന കർഷകർ പറയുന്നു.
കൃഷി, ടൂറിസം, മത്സ്യം വളർത്തൽ, താമരപ്പൂക്കൾ വ്യാവസായികമായി നട്ടുവളർത്തൽ തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പാക്കണമെന്ന അഭിപ്രായമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ വെളിയണ്ണൂർ ചല്ലിയുടെ അരിക്കുളം ഒറവിങ്കൽ താഴ ഭാഗത്ത് നിർമിച്ച കനാൽ നിർമാണം അശാസ്ത്രീയമായിരുന്നു എന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമാണ് ഈ ഭൂമിയുടെ ഭൂരിഭാഗവും ഉള്ളത്.
സർക്കാർ വക ഭൂമിയും ഇവിടെ ഉണ്ടെങ്കിലും യഥാർഥ ഭൂരേഖകൾ ഇല്ലാത്തതിനാൽ ഇവയും കൈയേറ്റം ചെയ്യപ്പെടുന്നുണ്ട്. കൃഷി നടക്കാത്തതിനാൽ മൺകൂനകൾ ഉയർത്തി തെങ്ങിൻ തൈകൾ വെക്കാനും ശ്രമം നടക്കുന്നുണ്ട്.
സർക്കാർ സ്വകാര്യ വ്യക്തികളിൽനിന്ന് ഭൂമി പാട്ടത്തിനെടുത്തു കാർഷിക സഹകരണ സംഘങ്ങൾ രൂപവത്കരിച്ചു കൃഷിയിറക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ നടേരി മുരളീധരൻ ആവശ്യപ്പെട്ടു. എത് കാലത്തും ജലലഭ്യതയുള്ള ഈ കൃഷിഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കൃഷി വകുപ്പ് തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.